തിരുവനന്തപുരം: ഓഹരി വ്യാപാരത്തിലൂടെ ലക്ഷങ്ങൾ നേടാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പുസംഘം 72കാരനിൽ നിന്ന് 38.5 ലക്ഷം രൂപ തട്ടിയെടുത്തു. മുട്ടത്തറ മുക്കോലയ്ക്കൽ സ്വദേശിക്കാണ് പണം നഷ്ടമായത്. മൊബൈൽ ഫോൺ നമ്പറിലേക്ക് ഷെയർ മാർക്കറ്റിന്റെ പേരിലുള്ള വാട്‌സ്ആപ്പ് സന്ദേശം അയയ്ക്കുകയും വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കുന്നതുമായിരുന്നു തട്ടിപ്പിന്റെ ആദ്യഘട്ടം. ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഗ്രൂപ്പിലെ അംഗങ്ങൾക്ക് പലമടങ്ങ് ലാഭം ലഭിച്ചതായി ഗ്രൂപ്പിൽ രേഖകൾ പങ്കുവച്ചു. മൊബൈൽ ഫോണിൽ ട്രേഡിംഗ് ആപ് ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും നിക്ഷേപിച്ച തുക അടുത്ത ദിവസം ഇരട്ടിയാക്കി കാണിച്ച് ഇവരിൽ വിശ്വാസം വരുത്തുകയുമായിരുന്നു അടുത്ത ഘട്ടത്തിൽ. അതോടെ വീണ്ടും പണം നിക്ഷേപിച്ചു. നിക്ഷേപിച്ച തുക നാലും അഞ്ചും ഇരട്ടിയായെന്ന് കാണിച്ചെങ്കിലും പണം പിൻവലിക്കാൻ കഴിഞ്ഞില്ല. ഇതിനായി മറ്റൊരു അക്കൗണ്ടിലേക്ക് ടാക്‌സ് അടയ്ക്കണമെന്ന നിർദ്ദേശം വന്നതോടെ അതിലും പണം നിക്ഷേപിച്ചു. എന്നാൽ നിക്ഷേപിച്ച പണമൊന്നും തിരികെ ലഭിക്കാതെ വന്നതോടെ കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് ഇത്രയും നാൾ താൻ തട്ടിപ്പിന് ഇരയായതായി ബോദ്ധ്യപ്പെട്ടത്. സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |