കിളിമാനൂർ: പരമ്പരാഗത നെൽക്കർഷകർ കൃഷിയിൽ നിന്നും പിൻമാറുന്നു. വയലുകൾ തരിശായി തുടങ്ങി. കാട്ടുപന്നി ശല്യം, കാലാവസ്ഥ വ്യതിയാനം, തൊഴിലാളികളുടെ ലഭ്യതക്കുറവ്, വർദ്ധിച്ച ചെലവ്, യഥാസമയം നെല്ലിന് വില നൽകാതിരിക്കൽ തുടങ്ങി നിരവധി കാരണങ്ങളാലാണ് കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്നത്. പഴയകുന്നുമ്മൽ പഞ്ചായത്തിൽ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നാണ് അടയമണിലേത്. മുപ്പത്തിയാറ് ഏക്കറോളം വയൽ കൃഷി ചെയ്തിരുന്നിടത്ത് ഇപ്പോൾ രണ്ടാംവിള കൃഷി ചെയ്യുന്നത് 15 ഏക്കറിൽ താഴെ മാത്രമാണ്. നാല്പതോളം കർഷകർ കൃഷി ചെയ്യുന്ന സ്ഥാനത്തിപ്പോൾ ഇരുപതിൽ താഴെ മാത്രമാണ്. ഒന്നാംവിള കൃഷി ചെയ്തതുമില്ല. ആയിരം കിലോയോളം നെല്ല് സപ്ലെെകോയിൽ നൽകിയിരുന്ന പാടശേഖരമാണിത്. ഈ വർഷം നെല്ല് സംഭരണത്തിന് പേര് രജിസ്റ്റർ ചെയ്തിട്ടുമില്ല. പാടശേഖരങ്ങളോട് ചേർന്നുള്ള ചില വയലുടമകൾ നെൽകൃഷി നിർത്തി വയൽ പണയാക്കി വാഴയും ചീരയും നടാൻ തുടങ്ങിയതോടെ പന്നിശല്യം സമീപത്തെ നെൽവയലുകളിലേക്കും വ്യാപിച്ചു. നെൽവയലുകളിൽ മറ്റ് കൃഷി ചെയ്യുന്നതിനെതിരെ പരാതിയുമായി അധികൃതരെ സമീപിച്ചാൽ നിർമ്മാണമൊഴികെ മറ്റൊന്നും തടയാൻ തങ്ങൾക്കധികാരമില്ലെന്ന് പറഞ്ഞൊഴിയുന്നു. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടു പോകാൻ കഴിയാത്തതിനാൽ നെൽക്കൃഷി ഉപേക്ഷിക്കുക എന്ന പോംവഴി മാത്രമേ കർഷകർക്ക് മുന്നിലുള്ളൂ.
വരവിനേക്കാൾ ചെലവ്
വരമ്പൊരുക്കൽ, കന്ന്പൂട്ട്, നടവ് എന്നിവയെല്ലാം കൂടി അൻപതിനായിരം രൂപയോളം ചെലവാകും. തിരികെ കിട്ടുന്നത് പകുതിയിൽ താഴെ മാത്രം. പ്രതികൂല കാലാവസ്ഥയും സാമ്പത്തിക പ്രതിസന്ധികളുമെല്ലാം മറികടന്നാണ് ഇവർ കൃഷിയിറക്കുന്നത്. കൊയ്യാൻ പാകമാകുമ്പോഴേക്കും കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി ചേറിൽ ചവിട്ടിമെതിക്കുന്നു. കാട്ടുപന്നി ശല്യം നിയന്ത്രിക്കാൻ ആവശ്യപ്പെട്ടാൽ പോംവഴികൾ കാണാതെ അധികൃതരും കൈയൊഴിയുകയാണ്.
കാട്ടുപന്നികൾ പെരുകി
കാടുകയറിയ സ്വകാര്യ പുരയിടങ്ങളിലാണ് കാട്ടുപന്നികൾ തങ്ങുന്നതെന്ന് കർഷകരും പഞ്ചായത്തധികൃതരും പറയുന്നു. പെറ്റുപെരുകുന്ന പന്നിക്കൂട്ടത്തിന്റെ പ്രജനനം തടയാനോ, ശല്യമുള്ള ഭാഗങ്ങളിൽ വെടിവച്ച് ഒഴിവാക്കാനോ കഴിയാത്തവിധം പെരുകിയിട്ടുണ്ട്. പഞ്ചായത്ത് ഷൂട്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഷൂട്ടർ, സഹായികൾ എന്നിവർക്ക് നൽകേണ്ട പ്രതിഫലത്തുക പഞ്ചായത്ത് മാത്രമായി ഏറ്റെടുക്കാത്തതിനാൽ ഇതിന്റെ ഒരു ഭാഗം കർഷകർ കൂടി വഹിക്കേണ്ടി വരുന്നു. ഇതും കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |