ചാപിള്ളയായതിനാൽ കൊലപാതകമല്ലെന്ന് നിഗമനം
പോത്തൻകോട് : പോത്തൻകാേട് വാവറമ്പലത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശിനി അമൃതയാണ് (36) പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞിനെ (ചാപിള്ള) പ്രസവിച്ചശേഷം കുഴിച്ചിട്ടത്. അമൃതയുടെ ബന്ധു ജോലി നോക്കുന്ന വാവറമ്പലത്തെ പശുഫാമിന് സമീപം വാഴത്തോട്ടത്തിലെ തീറ്റപ്പുൽ കൃഷിയിടത്തിലാണ് മൃതദേഹം കുഴിച്ചിട്ടത്. ആഴ്ചകൾക്ക് മുൻപാണ് ജോലി അന്വേഷിച്ച് ഗർഭിണിയായ അമൃതയും ഭർത്താവ് ഗണേശും തിരുവനന്തപുരത്ത് എത്തിയത്.പ്രസവശേഷം അമിത രക്തസ്രാവത്തെ തുടർന്ന് എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. എസ്.എ.ടി ആശുപത്രിയിലെ ഡോക്ടർമാർ ഉടൻ പോത്തൻകോട് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പോത്തൻകോട് പൊലീസും പോത്തൻകോട് ഗ്രാമപഞ്ചായത്ത് അധികൃതരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചാപിള്ളയായതിനാൽ കൊലപാതകമല്ലെന്നാണ് നിഗമനം. മറ്റു നിയമപ്രശ്നങ്ങളില്ലെങ്കിൽ, സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്ന് മാത്രമാണ് പൊലീസ് അന്വേഷിക്കുക.
ആലംകോട് റിട്ട.തഹസിൽദാർ ശശിയുടെ പശു ഫാമിലാണ് ഇവരുടെ മകൾ ജോലി നോക്കുന്നത്. അമൃതയും ഭർത്താവും ഫാമിലേക്ക് എത്തിയെങ്കിലും സൗകര്യമില്ലാത്തതിനാൽ വാവറമ്പലത്തെ ഇവരുടെ ബന്ധുക്കളായ നരേന്ദ്രനും നിർമ്മലയും താമസിക്കുന്നിടത്ത് പോയി. ജോലി അന്വേഷിക്കുന്നതിനിടെ, ആറു മാസം ഗർഭിണിയായ അമൃതയ്ക്ക് ശാരീരിക പ്രശ്‌നമുണ്ടായതോടെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തി.വെള്ളിയാഴ്ച രാത്രി 8ഓടെ അമൃത വീട്ടിൽ വച്ച് ചാപിള്ളയെ പ്രസവിക്കുകയായിരുന്നു. നിർമ്മല വിളിച്ചറിയിച്ചതനുസരിച്ച് ജോലി അന്വേഷിച്ച് കാട്ടാക്കടയിൽ പോയിരുന്ന നരേന്ദ്രനും ഗണേശും രാത്രി 11ഓടെ വീട്ടിലെത്തി. നേപ്പാളിലെ ആചാരപ്രകാരം ചാപിള്ള പിറന്നാൽ ഉടൻ ആചാര പ്രകാരം കുഴിച്ചിടണമെന്നതിനാൽ
ഫാമിലെ തീറ്റപ്പുൽ കൃഷിയിടത്തിൽ അടക്കം ചെയ്ത ശേഷം അതിന് മുകളിൽ നാണയവും വച്ചു.
ഫോറൻസിക് പരിശോധനയിൽ ചാപിള്ളയാണെന്ന് വ്യക്തമായി. റിപ്പോർട്ട് തയ്യാറാക്കിയ ശേഷം കുഞ്ഞിന്റെ മൃതദേഹം ഇന്ന് അടക്കം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |