ഉദിയൻകുളങ്ങര: അതിർത്തി ഗ്രാമങ്ങൾ കഞ്ചാവ് മാഫിയ സംഘങ്ങളുടെ താവളമായി മാറിയെന്ന് ആക്ഷേപം. അന്യസംസ്ഥാനങ്ങളിൽ നിന്ന് തമിഴ്‌നാട് വഴി അതിർത്തി പ്രദേശങ്ങളിലെത്തുന്ന നിരോധിത ലഹരിവസ്തുക്കൾ എത്തിക്കാൻ വൻ ലോബികൾ പ്രവർത്തിക്കുന്നുണ്ട്. ഇടനിലക്കാരുടെ ആവശ്യപ്രകാരം രാത്രികാലങ്ങളിലും പൊലീസ്, എക്സൈസ് ഓഫീസർമാർ ഡ്യൂട്ടി മാറുന്ന സമയങ്ങളിലുമാണ് ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തുന്നത്.
ചെക്ക്പോസ്റ്റുകളിൽ വേണ്ടത്ര പരിശോധനകളില്ലാത്തത് ലഹരിവില്പന സംഘങ്ങൾക്ക് അവസരമാവുകയാണ്. ആഡംബര ബസുകളിലടക്കം എത്തിക്കുന്ന ലഹരി മരുന്നുകൾ ചെറു സംഘങ്ങളായി പിരിഞ്ഞ് ഇരുചക്രവാഹനത്തിൽ തമിഴ്‌നാട് അതിർത്തിയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് എത്തുന്നതായും സൂചനയുണ്ട്.
ഉറവിടം കണ്ടെത്താനാകാതെ
വിദ്യാർത്ഥികളുടെ വേഷത്തിൽ ബാഗുകളുമായി അതിവേഗത്തിൽ പായുന്ന യുവാക്കളാണ്
കാരിയർമാരായി പ്രവർത്തിക്കുന്നതിലേറെയും. മലയോര ഗ്രാമങ്ങളിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ കച്ചവടക്കാരെയും എജന്റുമാരെയും കണ്ടെത്തിയെങ്കിലും ഉറവിടം കണ്ടെത്താനായില്ല. സ്കൂൾ -കോളേജ് വിദ്യാർത്ഥികളാണ് ഇരകളാകുന്നതിൽ കൂടുതലും.
വിദ്യാർത്ഥികളും ഇരകൾ
ധനുവച്ചപുരം ഭാഗത്ത് കഞ്ചാവ് ലോബികൾ പ്രവർത്തിച്ച് വിദ്യാർത്ഥികളെ വഴിതെറ്റിക്കുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു. മദ്യത്തെക്കാൾ കറഞ്ഞ വിലയ്ക്ക് മയക്കുമരുന്ന് ഗുളികകൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കും. പണമില്ലാത്ത വിദ്യാർത്ഥികൾക്ക് ആദ്യം സൗജന്യമായി ലഹരിമരുന്ന് നൽകുന്നതാണ് കച്ചവടക്കാരുടെ രീതി. അടിമപ്പെട്ടാൽ കാരിയർമാരാക്കും.
കഞ്ചാവ് ലോബികൾ സജീവം
അമ്പൂരി, വെള്ളറട, കുന്നത്തുകാൽ, പാറശാല, ചെങ്കൽ ധനുവച്ചപുരം തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപക കഞ്ചാവ് ലോബികൾ പ്രവർത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കെത്തുന്ന ലഹരി ഉല്പന്നങ്ങൾ സ്ത്രീകളെ ഉപയോഗിച്ച് കടത്തുന്നതായും വിവരങ്ങളുണ്ട്. സ്ത്രീകളെ പരിശോധിക്കാൻ ചെക്ക് പോസ്റ്റുകളിൽ വനിതകളില്ലെന്ന് പരാതികൾ വന്നതോടെ അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ മൂന്നു വനിതകളെ നിയമിക്കുകയും അതിലൊരാളെ പിൻവലിക്കുകയും ചെയ്തു. ബൈക്കിൽ കറങ്ങിനടക്കുന്ന ചില്ലറവില്പനക്കാർ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നിടത്ത് ലഹരിയെത്തിക്കും. പതിവ് ഉപഭോക്താക്കൾക്ക് വിലക്കുറവിൽ സാധനം നൽകുന്നുണ്ടെന്ന് അടുത്തിടെ പിടിയിലായ രണ്ട് യുവാക്കൾ അധികൃതരോട് വ്യക്തമാക്കിയിരുന്നു.
വനിതാ ഉദ്യോഗസ്ഥരില്ല
ടൂറിസം മേഖലയായ കോവളം,വിഴിഞ്ഞം ഭാഗങ്ങളിൽ നിന്നും ആറ്റുപുറം പൂവാർ ആറ്റുപുറം ചെക്ക് പോസ്റ്റുകൾ വഴിയും സ്ത്രീകളെ ഉപയോഗിച്ച് ലഹരി കടത്ത് സജീവമാണ്. അതിർത്തി പങ്കിടുന്ന എക്സൈസ് ചെക്ക് പോസ്റ്റുകളിലെല്ലാം വനിതാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യത്തിനും പരിഹാരമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |