തിരുവനന്തപുരം: എം.സി റോഡിലെ വെഞ്ഞാറമൂടിൽ ഫ്ളൈ ഓവർ നിർമ്മിക്കാനുള്ള ടെൻഡറിന് ധനവകുപ്പ് അനുമതി നൽകി. രണ്ടുമാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കും. 16മാസത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) വിളിച്ച 28കോടിയുടെ ടെൻഡറിനാണ് അനുമതി നൽകിയതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ഒരുവർഷമായി നിരവധി തവണ ടെൻഡർ വിളിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങി അനുമതി കിട്ടിയില്ല. തുക 28കോടിയായി ഉയർത്തിയതോടെയാണ് ഇപ്പോൾ ടെൻഡർ ഉറപ്പിക്കാനായത്. നേരത്തെ 26കോടിയാണ് വകയിരുത്തിയിരുന്നത്. ആലപ്പുഴ വഴിയുളള ദേശീയപാതയിൽ പണി നടക്കുന്നതിനാൽ എം.സി റോഡിൽ പൊതുവെ വൻതിരക്കാണ്. ബൈപ്പാസ് റോഡ് നിർമ്മിക്കാൻ സംസ്ഥാനസർക്കാർ നേരത്തെ പദ്ധതിയിട്ടിരുന്നു. 2018ലെ ബഡ്ജറ്റിൽ തൈക്കാട് മുതൽ വെഞ്ഞാറമൂടുവരെ ബൈപ്പാസ് റോഡിന് ഫണ്ട് ഉൾപ്പെടുത്തിയെങ്കിലും യാഥാർത്ഥ്യമായില്ല. പിന്നീട് വിവിധ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇത് ഒഴിവാക്കുകയായിരുന്നു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ കടുത്ത എതിർപ്പിനെത്തുടർന്ന് വെഞ്ഞാറമൂട്ടിലെ റിംഗ് റോഡ് പദ്ധതിയും ഉപേക്ഷിച്ചു. 2019 മുതലാണ് ഫ്ളൈഓവർ നിർമ്മിക്കാനുള്ള ടെൻഡർ നടപടികൾ തുടങ്ങിയത്. മറ്റ് ഫ്ളൈഓവർ പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി ഇതിന് സ്ഥലമെടുപ്പ് ആവശ്യമില്ല, നിലവിലുള്ള റോഡിൽ തന്നെ നിർമ്മിക്കും.
കിഫ്ബിയാണ് പദ്ധതിയുടെ ഫണ്ടിംഗ് ഏജൻസി
16 മാസത്തിനുള്ളിൽ പൂർത്തീകരിക്കും
വെഞ്ഞാറമൂട് മസ്ജിദിന് സമീപമുള്ള തിരക്കേറിയ ഭാഗം മുതൽ ലീലാ രവി ആശുപത്രി വരെ
പ്രവർത്തനക്ഷമമാകുന്നതോടെ കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ യാത്രാസമയം ഗണ്യമായി കുറയും.
ഫ്ളൈ ഓവറിന്റെ പ്രധാന സവിശേഷതകൾ
* രണ്ട് പാതകൾ
* നീളം 446 മീറ്റർ
* വീതി 10.5 മീറ്റർ
* ഇരുവശത്തും 3.5 മീറ്റർ വീതിയിൽ സർവീസ് റോഡ്
* ഒന്നര മീറ്റർ വീതിയിൽ ഇരുഭാഗത്തും നടപ്പാത
* രണ്ടുമാസത്തിനുള്ളിൽ പണി തുടങ്ങും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |