നേമം: നേമം സർവീസ് സഹകരണ ബാങ്കിലെ ഫയലുകൾ മിക്കതും ചിതലെടുത്തെന്നും കാണാനില്ലെന്നും വിവരം.
കോടതിയുടെ ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ദിവസം ബാങ്കിൽ നേമം പൊലീസ് പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിനാവശ്യമായ രേഖകൾ കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. കുറെ ഫയലുകൾ ചിതലെടുത്ത് നശിച്ചെന്നാണ് അറിയുന്നത്.നിക്ഷേപം സംബന്ധിച്ച രേഖകളും ഇക്കൂട്ടത്തിലുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ലക്ഷങ്ങൾ നിക്ഷേപിച്ച പലരുടെയും അംഗത്വഫോം കാണാനില്ലെന്ന വിവരങ്ങൾ പുറത്ത് വന്നതിന്റെ പിന്നാലെയാണ് പുതിയ വെല്ലുവിളി.ക്രമക്കേട് മറയ്ക്കാൻ ബാങ്ക് അധികൃതർ തന്നെ രേഖകൾ മുക്കിയതായിരിക്കുമെന്നാണ് നിക്ഷേപക കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാൻ ആരോപിക്കുന്നത്.പൊലീസ് സെർച്ച് നടപടികൾ പൂർണമായും ക്യാമറയിൽ ചിത്രീകരിച്ചിട്ടുണ്ട്.
നാല് കോടിയിൽപ്പരം രൂപ ചെലവിട്ട് ബാങ്കിന് നാലുനില കെട്ടിടം പണിതിട്ടും ബാങ്കിൽ കംപ്യൂട്ടറൈസേഷൻ നടപ്പാക്കിയിട്ടില്ല. ലെഡ്ജറും രജിസ്റ്ററുകളുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.അതേസമയം ബാങ്കിലെ ക്രമക്കേടുകളിന്മേൽ തിരുവനന്തപുരം അസി.രജിസ്ട്രാർ ബിജു പ്രസാദിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം ബാങ്കിൽ പരിശോധന നടത്തുകയാണ്.സഹകരണ വകുപ്പിന്റെ 65-ാം വകുപ്പനുസരിച്ച് നടക്കുന്ന അന്വേഷണങ്ങൾ പൂർത്തിയാക്കാൻ രണ്ടുമാസമെടുക്കുമെന്നും അതിനുശേഷം വകുപ്പ് 68 പ്രകാരം കുറ്റക്കാർക്കെതിരെ കേസെടുത്ത് നടപടികളുമായി മുന്നോട്ടു പോകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.രജിസ്ട്രാറുടെ റിപ്പോർട്ട് കിട്ടിയശേഷം പൊലീസ് നടപടികളെടുക്കുമെന്ന് നേമം പൊലീസും പറഞ്ഞു. തട്ടിപ്പ് തെളിഞ്ഞാൽ ജീവപര്യന്തം തടവ് അല്ലെങ്കിൽ 10 വർഷം വരെ ശിക്ഷയ്ക്ക് വിധേയനാകേണ്ടി വരുമെന്നാണ് ബി.എൻ.എസ് 318 നിയമം അനുശാസിക്കുന്നത്.318 അനുസരിച്ച് തട്ടിപ്പുകാർക്ക് വഞ്ചനാക്കുറ്റത്തിന് 3 വർഷം തടവ് വേറെയും ലഭിച്ചേക്കാം.
മന്ത്രിയുമായി ചർച്ച ചെയ്യും: വി.ജോയി എം.എൽ.എ
ബാങ്ക് ക്രമക്കേടുകളെപ്പറ്റി സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവനുമായി വരുന്ന ബുധനാഴ്ച ചർച്ച ചെയ്യുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ പറഞ്ഞു.
നിക്ഷേപക കൂട്ടായ്മ രക്ഷാധികാരിക്ക് വധഭീഷണിയെന്ന്
നിക്ഷേപക കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നുവെന്നാരോപിച്ച് മുൻ ബാങ്ക് സെക്രട്ടറി എ.ആർ.രാജേന്ദ്രന്റെ ലണ്ടനിലുള്ള മരുമകൻ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതായി നിക്ഷേപക കൂട്ടായ്മ രക്ഷാധികാരിയും സി.പി.ഐ പ്രാദേശിക നേതാവുമായ ശാന്തിവിള മുജീബ് റഹ്മാൻ പറഞ്ഞു. കാൾ ഡീറ്റെയിൽസ് ഉൾപ്പെടെ കാട്ടി മുജീബ് റഹ്മാൻ മുഖ്യമന്ത്രിക്കും കമ്മീഷണർക്കും നേമം പൊലീസ് സ്റ്റേഷനും പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |