കോവളം: തിരക്കുപിടിച്ച കൃത്യനിർവഹണത്തിനിടയിൽ ആരോഗ്യക്ഷമത നിലനിറുത്താൻ ജിം ആരംഭിച്ച് തിരുവല്ലം പൊലീസ്. ജീവിതശൈലീരോഗങ്ങളും, ജോലി സമ്മർദ്ദവും,മണിക്കൂറുകൾ നീളുന്ന അലച്ചിലുമാകുമ്പോൾ പൊലീസുകാരും രോഗികളാകും. ഈ സാഹചര്യത്തിലാണ് ജിം എന്ന ആശയം രൂപപ്പെടുന്നത്.
സ്റ്റേഷനിൽ തന്നെ പ്രത്യേകം സജ്ജമാക്കിയ മുറിയാണ് ടു സ്റ്റാൻഡ് ഫോർ സ്റ്റേഷൻ മൾട്ടി ജിമ്മിനായി തിരഞ്ഞെടുത്തത്. ശാരീരികക്ഷമത,ആരോഗ്യം,ശരീര സൗന്ദര്യം എന്നിവയ്ക്കാണ് പ്രധാന്യം നൽകിയിട്ടുള്ളത്.
കൂടാതെ ആന്തരികാവയവങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സ്‌പൈൻ ബൈക്കും സ്ഥാപിച്ചിട്ടുണ്ട്. കാർഡിയോ വ്യായാമങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പല തരത്തിലുള്ള ശരീരഭാരം ഉള്ളവർക്കും ഇത് ഉപയോഗിക്കാം. സാധാരണ ഒരു സൈക്കിൾ ചവിട്ടുന്ന നിലയിലാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്. ശരീരത്തിന്റെ ഘടനയിലെ വ്യത്യാസങ്ങൾ തിരിച്ചറിയാൻ ഓട്ടോമാറ്റിക് സിസ്റ്റവും ഘടിപ്പിച്ചിട്ടുണ്ട്.എല്ലാ പൊലീസ് സ്റ്റേഷനുകളിലും പൊലീസ് ഉദ്യോഗസ്ഥർ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ജിമ്മിൽ ചെലവഴിക്കാൻ കഴിയണമെന്ന അഭിപ്രായമാണുള്ളതെന്ന് തിരുവല്ലം എസ്.എച്ച്.ഒ പ്രദീപ് പറയുന്നു. സേനയിലെ വനിതാ ഉദ്യോഗസ്ഥരെ ഉദ്ദേശിച്ച് ഭാരം കുറഞ്ഞ ഡംബ് ബെൽസ് ഒരുക്കിയിട്ടുണ്ട്. റബർ കോട്ടിങ്ങോടുകൂടിയ രണ്ടര കിലോ ഭാരമുള്ളതാണ്.
പുരുഷൻമാർക്ക് അഞ്ചര, ഏഴര, പത്തര കിലോ ഭാരം ഉള്ളതുവരെ ഇവിടെയുണ്ട്. ഇത് പുഷ് അപ്പ് ചെയ്യാൻ സാധിക്കുന്നതാണ് മറ്റൊരു പ്രത്യേകത. സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ആഗ്രഹം നിറവേറ്റാൻ സഹായിച്ചത് പാച്ചല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂര്യ സ്‌പോർട്സ് ആൻഡ് ഫിറ്റ്നെസ് എന്ന സ്ഥാപനത്തിന്റെ ഉടമയും പാച്ചല്ലൂർ ദേവിനഗർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയുമായ അഭിലാഷാണ്. ഇദ്ദേഹമാണ് 90,000 ത്തോളം രൂപ മുടക്കി തിരുവല്ലം പൊലീസിന് ജിം സ്ഥാപിച്ചു നൽകിയത്. ചടങ്ങിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ഫോർട്ട് എ.സി പ്രസാദ് നിർവഹിച്ചു.ജിം സൗജന്യമായി നിർമ്മിച്ചു നൽകിയ അഭിലാഷിനെ സേനയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |