ആറ്റിങ്ങൽ: നാട്ടിൽ നാളികേര ഉത്പാദനം ഗണ്യമായി കുറയുകയും തേങ്ങ വില കുതിച്ചുയരുമ്പോഴും കേരകർഷകർക്ക് നിരാശ മാത്രം. നാളികേര വിപണിയിൽ സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാവുകയാണ്. തേങ്ങയുടെ ചില്ലറ വില്പന വില 80 മുതൽ 90 രൂപ വരെയാണ്. ജനുവരിയിൽ ഇത് 60 രൂപയായിരുന്നു. എന്നാൽ കേരകർഷകന് കുറഞ്ഞ വിലയാണിപ്പോഴും ലഭിക്കുന്നത്. കേരഗ്രാമം പോലുള്ള പദ്ധതികൾ നടപ്പാക്കുമ്പോഴും കാര്യമായ പ്രയോജനം കർഷകർക്ക് കിട്ടുന്നില്ലെന്ന ആക്ഷേപമുണ്ട്. ഉത്പാദനം, വിപണനം, സംഭരണം തുടങ്ങിയവയാണ് നിലവിൽ കേരകർഷകർ നേരിടുന്ന വെല്ലുവിളികൾ. നാടൻ തെങ്ങുകളും കേരളത്തിൽ ഇപ്പോൾ കുറവാണ്. കൂടുതലും സങ്കരയിനം തെങ്ങിൻ തൈകളാണ് കർഷകർ വയ്ക്കുന്നത്. വിപണിയിൽ കൂടുതലായെത്തുന്നത് തമിഴ്‌നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നാളികേരമാണ്. കൂടുതൽ ലാഭം കിട്ടുന്നതിനാൽ വ്യാപാരികൾക്കും താത്പര്യം ഇതുതന്നെ.
തെങ്ങിൻതൈ വില -150-350 രൂപ
വെളിച്ചെണ്ണ വില-290
വില്ലനായി രോഗബാധ
തെങ്ങുകൃഷിയുടെ ചെലവ് അനുദിനം വർദ്ധിക്കുന്ന സ്ഥിതിയാണ്. 150 മുതൽ 350 രൂപ വരെയാണ് പുതിയ തെങ്ങിൻ തൈകളുടെ വില. വളം,കീടനാശിനി എന്നിവയ്ക്കും വൻ ചെലവാണ്. ഇവ കായ്ക്കാൻ അഞ്ചുവർഷം വരെ എടുക്കും. ചെല്ലി,വണ്ട് എന്നിവയുടെ ശല്യമാണ് കർഷകർ നേരിടുന്ന മറ്റൊരു പ്രതിസന്ധി. തേങ്ങ ഇടാൻ ആളെ കിട്ടാനുമില്ല. കിട്ടിയാൽത്തന്നെ ഒരു തെങ്ങിന് 60 മുതൽ100 രൂപ വരെ കൂലി കൊടുക്കണം. തെങ്ങിന്റെ മുകൾഭാഗം വൃത്തിയാക്കി മരുന്ന് തളിക്കുന്നതിന് 150 രൂപയും. ഇതിനുപുറമെ നാടൻ തെങ്ങുകളിൽ രോഗബാധയും കൂടുന്നു. മുൻപ് 10 തെങ്ങിൽ നിന്ന് 75 മുതൽ 150 തേങ്ങകൾ വരെ ലഭിച്ചിരുന്നെങ്കിൽ ഇന്ന് 25ൽ താഴെ മാത്രമാണ് ലഭിക്കുന്നത്.
വെളിച്ചെണ്ണ വിലയിലും കുതിപ്പ്
തേങ്ങയുടെ വിലവർദ്ധനവ് വെളിച്ചെണ്ണ വിലയിലും പ്രതിഫലിച്ചു. ലിറ്ററിന് വില 290ലേക്കെത്തി.വരുംദിവസങ്ങളിൽ ഇനിയും ഉയരുമെന്ന് ചെറുകിടവ്യാപാരികൾ പറയുന്നു. എന്നാൽ കൊപ്ര വിൽക്കുന്ന ചെറുകിടകർഷകന് ഇതിന്റെ നേട്ടം ലഭിക്കുന്നില്ല. തേങ്ങ ഉത്പാദനത്തിലെ കുറവിന്റെ മറവിൽ വ്യാജനും കളംപിടിച്ചിട്ടുണ്ട്. നിലവിലെ പരിശോധനയും പ്രഹസനമാകുകയാണ്. നല്ല ഉത്പാദനവും രോഗപ്രതിരോധശേഷി ഉണ്ടെങ്കിലും നാടൻ തെങ്ങുകൾക്ക് കായ്ഫലമുണ്ടാകാൻ കാലതാമസം എടുക്കുന്നു. അത്യുത്പാദനശേഷിയുള്ള സങ്കരയിനം തെങ്ങിൻ തൈകൾ കർഷകർക്ക് സർക്കാർ തലത്തിൽ വിതരണം ചെയ്താൽ ഒരുപരിധിവരെ ഈ പ്രശ്നത്തിന് പരിഹാരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |