തിരുവനന്തപുരം: ലഹരി സംഘത്തെ പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു. കരമന സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സി.ജയചന്ദ്രനാണ് കുത്തേറ്റത്. വയറിലും കാലിലും കുത്തേറ്റ ജയചന്ദ്രൻ കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തിയ ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.ഇന്നലെ വൈകിട്ട് ആറരയോടെ നീറമൺകരയിലാണ് സംഭവം. എം.ഡി.എം.എ, കഞ്ചാവ് സംഘങ്ങളെക്കുറിച്ചുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ബണ്ടുറോഡിനു സമീപമെത്തി പരിശോധന നടക്കുന്നതിനിടെയാണ് മൂന്നംഗസംഘത്തെ കണ്ടെത്തിയത്. ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെ ജയചന്ദ്രന് കുത്തേൽക്കുകയായിരുന്നു.പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ മൂന്നുപേരെയും തിരിച്ചറിഞ്ഞതായി കരമന പൊലീസ് പറഞ്ഞു.ലഹരിക്കേസ് പ്രതിയുടെ ആക്രമണത്തിൽ ഒരാഴ്ചമുൻപ് തിരുമല കല്ലറമഠത്തിൽ വച്ച് പൂജപ്പുര എസ്.ഐയ്ക്ക് കുത്തേറ്റിരുന്നു. കാപ്പാ കേസ് പ്രതിയായ ശ്രീജിത്തായിരുന്നു കുത്തിയത്. വയറ്റിൽ കുത്താനുള്ള ശ്രമം തടഞ്ഞപ്പോഴാണ് വലതു കൈയിൽ കുത്തേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |