ബാലരാമപുരം: വേനൽ കടുത്തു, കല്ലിയൂർ, വെങ്ങാനൂർ ഏലാകളിൽ വെള്ളം കിട്ടാതായതോടെ കർഷകർ ആശങ്കയിലായി. ഏക്കർ കണക്കിന് കൃഷിപ്പാടങ്ങളിൽ പകുതി വിളവായ ഏത്തവാഴകളടക്കം ഒടിഞ്ഞുവീഴുകയാണ്. അനുബന്ധമായി കൃഷിയിറക്കിയ ചീര, വെണ്ട,പാവൽ,വെള്ളരിയെല്ലാം വെയിലേറ്റ് വാടിയ നിലയിലാണ്. ജില്ലയിൽ കാർഷികഗ്രാമമെന്ന വിളിപ്പേരുള്ള പഞ്ചായത്തുകളാണ് വെങ്ങാനൂരും കല്ലിയൂരും. മഴയും നെയ്യാർ ജലസംഭരണിയിലെ വെള്ളവുമാണ് ഏലാകളിൽ കൃഷിക്കാരുടെ ഏക ആശ്രയം. ജനുവരിയിൽ നെയ്യാറ്റിൻകര കീഴ്കൊല്ലയിൽ നൂറ് ഹെക്ടറിന് പുറത്ത് കൃഷി നശിച്ചിരുന്നു. കനാലിൽ വെള്ളമില്ലാതായതോടെയാണ് ഭൂരിഭാഗം കർഷകരും ദുരിതത്തിലായത്. സമാനമായ രീതിയിലാണ് കല്ലിയൂർ, വെങ്ങാനൂർ ഏലാകളിലും.
മികച്ച കാർഷിക വിളവെടുപ്പ് നടത്തുന്ന കർഷകരെ സഹായിക്കാൻ പഞ്ചായത്ത് കൃഷിവകുപ്പിന്റെ കീഴിൽ വേനൽ വറുതിക്ക് മുന്നോടിയായി പാടങ്ങളിലേക്ക് വെള്ളമെത്തിക്കാനുള്ള സംവിധാനം മുൻ കാലങ്ങളിൽ ചെയ്തിരുന്നു. കർഷകരുടെ വിളവെടുപ്പ് കുറഞ്ഞതോടെ വി.എഫ്.പി.സി.കെ കാർഷിക വിപണിയും ഗ്രാമീണ കാർഷിക വിപണകേന്ദ്രങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.
പദ്ധതികളെല്ലാം പാതിവഴിയിൽ
മോറിസ്, ഏത്തൻ, കപ്പ, രസകദളി തുടങ്ങിയ പഴവർഗങ്ങളുടെ വില കഴിഞ്ഞ ആറ് മാസമായി കുതിച്ചുയരുകയാണ്. കൃഷിവകുപ്പും ജലസേചനവകുപ്പിന്റെയും ഏകോപനമില്ലായ്മയും കൃഷി നശിക്കാൻ മറ്റൊരു കാരണമാണ്. 90കളിലെ കാട പദ്ധതിപ്രകാരമുള്ള ചെറുതോടുകളെല്ലാം പഞ്ചായത്തിന്റെ അനാസ്ഥയിൽ വിസ്മൃതിയിലായി. മഴക്കുഴി, കുടിവെള്ള സംഭരണി പദ്ധതികളെല്ലാം പാതിവഴിയിലാണ്. പതിനഞ്ചിൽപ്പരം കാർഷിക സംഭരണ വിപണകേന്ദ്രങ്ങൾ ഉണ്ടായിരുന്ന സ്ഥലത്ത് രജിസ്റ്റേർഡ് കാർഷിക കമ്പനികൾ വന്നതോടെ കല്ലിയൂർ വെങ്ങാനൂർ പഞ്ചായത്തുകളിൽ പച്ചക്കറി കേന്ദ്രങ്ങൾ നാമമാത്രമാണ്. വ്യക്തിഗത കർഷകരെ കണ്ടെത്തി സഹായങ്ങൾ നൽകണമെന്ന ആവശ്യവുമായി അഖിലേന്ത്യാ കിസാൻ സഭയും രംഗത്തുണ്ട്.
കേന്ദ്രപദ്ധതികളിൽ കാർഷിക അപെക്സ് ബോർഡികളെ മാത്രം ഉൾപ്പെടുത്തുന്ന പ്രവണതയാണ് കൂടുതൽ ഭീഷണിയാകുന്നത്. സംസ്ഥാനകൃഷിവകുപ്പും അനുബന്ധ സംവിധാനവും ഇത്തരക്കാരെ മാത്രമാണ് ചർച്ചകൾക്ക് ക്ഷണിക്കുന്നതും പുതിയ പ്രോജക്ടുകൾ കൈമാറുന്നതും.
യഥാർത്ഥ കർഷകർ കടക്കെണിയിൽ
യഥാർത്ഥ കർഷകർ ലക്ഷങ്ങൾ വായ്പയെടുത്ത് കടക്കെണിയിലേക്ക് നീങ്ങുകയാണ്. യഥാർത്ഥ കർഷകർക്ക് കൃഷിയന്ത്രങ്ങളും സാമഗ്രികളും വായ്പ നൽകുന്ന പദ്ധതികൾ ഗ്രാമീണമേഖലയിൽ കൂടുതൽ വ്യാപിപ്പിക്കാനും കൃഷിഭവനും സംസ്ഥാനകൃഷിവകുപ്പും തയ്യാറാകണമെന്ന് അഖിലേന്ത്യ കിസാൻ സഭ ജില്ലാ പ്രസിഡന്റ് വെങ്ങാനൂർ ബ്രൈറ്റ്, കോവളം മണ്ഡലം സെക്രട്ടറി സി.എസ്.രാധാകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു. കടുത്ത വേനലിൽ കൃഷിപ്പാടങ്ങൾ നശിക്കുകയാണ്. നെയ്യാർ ഇറിഗേഷൻ വകുപ്പ് ജലലഭ്യത ഉറപ്പുവരുത്താൻ സർക്കാർ ജലസേചനവകുപ്പുമായി ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |