തിരുവനന്തപുരം: നഗരത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനുള്ള നിർദ്ദിഷ്ട നെയ്യാർഡാം പദ്ധതിയും എ.ഡി.ബി വായ്പാപദ്ധതിയിൽ ഉൾപ്പെടുത്താൻ നീക്കം. 120 എം.എൽ.ഡി ജലശുദ്ധീകരണശാലയും നഗരത്തിലേക്കുള്ള ബദൽ പൈപ്പ്ലൈനും സ്ഥാപിക്കുന്നതിനാണ് പദ്ധതി. എ.ഡി.ബി വായ്പയുടെ സഹായത്തോടെ കൊച്ചിയിലെ കുടിവെള്ള വിതരണം സ്വകാര്യകമ്പനിയെ ഏൽപ്പിക്കാനുള്ള നീക്കത്തിനെതിരെ വാട്ടർഅതോറിട്ടി ജീവനക്കാരും സംഘടനകളും കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് തിരുവനന്തപുരത്തെ സ്വപ്നപദ്ധതിയും ഇതിൽ ഉൾപ്പെടുത്താൻ നീക്കം നടത്തുന്നത്.
പേപ്പാറ,അരുവിക്കര ഡാമിൽ നിന്നുള്ള കുടിവെള്ള പദ്ധതിക്ക് ബദലായാണ് നെയ്യാർഡാം പദ്ധതി 2015ൽ തയ്യാറാക്കിയത്. പദ്ധതി നടപ്പാക്കുന്നതിന് പലതവണ ടെൻഡർ ക്ഷണിച്ചെങ്കിലും എസ്റ്റിമേറ്റിനേക്കാൾ ഉയർന്ന നിരക്കിൽ ക്വാട്ട് ചെയ്തതോടെ കരാറുണ്ടാക്കുന്നത് പ്രതിസന്ധിയിലായി. കിഫ്ബിയും വാട്ടർ അതോറിട്ടിയും തമ്മിൽ ഭിന്നത നിലനിന്നതും പദ്ധതിയെ ബാധിച്ചു. ഇതോടെയാണ് കൊച്ചി,തിരുവനന്തപുരം നഗരങ്ങളിലെ കുടിവെള്ള വിതരണം പരിഷ്കരിക്കാനുള്ള 2511 കോടിയുടെ പദ്ധതിയിൽ നെയ്യാർഡാം പദ്ധതിയും ഉൾപ്പെടുത്താൻ തീരുമാനിച്ചത്.എന്നാൽ, കൊച്ചിയിലെ പദ്ധതിയെപ്പോലെ തിരുവനന്തപുരത്തെയും കുടിവെള്ള വിതരണം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനാണ് സർക്കാരിന്റെ നീക്കമെന്ന് ജീവനക്കാരും സംഘടനകളും ആരോപിക്കുന്നു. കൊച്ചിയിലെ കുടിവെള്ള വിതരണം ഫ്രഞ്ച് കമ്പനിയായ സോയൂസ് പ്രോജക്ട്സ് ലിമിറ്റഡിന് കൈമാറാനുള്ള പദ്ധതി ശുപാർശ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും എതിർപ്പുകളെ തുടർന്ന് മാറ്റിവച്ചു.
കരാറിൽ അവ്യക്തത
സൂയസ് കമ്പനിയുമായുള്ള കരാറിൽ വ്യക്തതയില്ലെന്നും വാട്ടർ അതോറിട്ടിയുടെ ഉടമസ്ഥതയിലുള്ള പലതും സ്വകാര്യ കമ്പനിക്ക് കൈമാറാനാണ് നീക്കമെന്നുമാണ് സംഘടനകളുടെ ആരോപണം. കൊച്ചിയിൽ നിയന്ത്രണവും പരിപാലനവും 10 വർഷത്തേക്ക് കമ്പനി ഏൽപ്പിക്കുമെന്നാണ് പറയുന്നത്. കമ്പനിയുമായുള്ള ആർബിട്രേഷൻ വ്യവസ്ഥകളിലും നിരക്ക് നിശ്ചയിക്കുന്നതു സംബന്ധിച്ച ധാരണകളിലും അവ്യക്തതയുണ്ട്. കൊച്ചിയിലെ കരാർ എങ്ങനെയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സമാനമായ വ്യവസ്ഥകൾ തിരുവനന്തപുരത്തെ പദ്ധതിയിലുമുണ്ടാകുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ജലസംഭരണി 3.63 ഏക്കറിൽ
നെയ്യാർ ഡാമിലെ സഫാരി പാർക്കിനു സമീപം ജലസേചനവകുപ്പിന്റെ കൈവശമുള്ള 3.63 ഏക്കർ സ്ഥലത്ത് പമ്പിംഗ് സ്റ്റേഷനും ട്രീറ്റ്മെന്റ് പ്ലാന്റും സ്ഥാപിക്കാനാണ് നിർദ്ദിഷ്ട പദ്ധതി. നെയ്യാറിൽ ശുദ്ധീകരിക്കുന്ന വെള്ളം 24 കിലോമീറ്റർ ദൂരത്തിൽ പുതിയതായി സ്ഥാപിക്കുന്ന പൈപ്പുകളിലൂടെ പി.ടി.പി നഗറിലെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഓവർഹെഡ് ടാങ്കിലെത്തിക്കും. 100 എം.എൽ.ഡി വെള്ളം നഗരത്തിലേക്കും 20 എം.എൽ.ഡി വെള്ളം കാട്ടാക്കട, മലയിൻകീഴ്,വിളവൂർക്കൽ,വിളപ്പിൽ,മാറനല്ലൂർ പഞ്ചായത്തുകൾക്കും വിഴിഞ്ഞം തുറമുഖത്തേക്കും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |