തിരുവനന്തപുരം: ലഹരിക്കേസ് പ്രതികൾക്ക് അനുകൂലമായി തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന് തെളിഞ്ഞതോടെ സ്ഥലംമാറ്റിയ എസ്.ഐ തോമസ് ഹീറ്റസ് തിരുവല്ലം സ്റ്റേഷനിൽ നിന്നും റിലീവ് ചെയ്തു.
പകരം പ്രിൻസിപ്പൽ എസ്.ഐയെ സ്റ്റേഷനിൽ നിയമിച്ചിട്ടില്ല. എസ്.ഐയുടെ ഗുരുതര കൃത്യവിലോപത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനായി സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുക്കൽ ആരംഭിച്ചു. നിലവിൽ റിമാൻഡിലുള്ള പ്രതികളിൽ നിന്നും കൂടുതൽ വിവരങ്ങളറിയാൻ കസ്‌റ്റഡിയിൽ വാങ്ങി ഉന്നത ഉദ്യോഗസ്ഥർ ചോദ്യംചെയ്യും. പിടിക്കപ്പെടും മുമ്പ് പ്രതികളിലൊരാൾ പുറത്തിറക്കിയ വീഡിയോ സംബന്ധിച്ചും റെയ്ഡ് വിവരങ്ങൾ ചോർന്നോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തും.
കഴിഞ്ഞദിവസമാണ് തോമസ് ഹീറ്റസിനെതീരെ നടപടിയെടുത്തത്. ആദ്യം നേമത്തേക്കും ഉച്ചകഴിഞ്ഞ് ട്രാഫിക്കിലേക്കുമാണ് (സൗത്ത്) സ്ഥലം മാറ്റിയത്. തൊണ്ടിമുതലിലെ കൃത്രിമം സംബന്ധിച്ച സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് ഏബ്രഹാം അടിയന്തര അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു അച്ചടക്കനടപടി. സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസിന്റേതാണ് നടപടി. ഔദ്യോഗിക ഡ്യൂട്ടിയിൽ വരുത്തിയ വീഴ്ചയുടെ ഗൗരവം കണക്കിലെടുത്താണ് ട്രാഫിക്കിലേക്ക് സ്ഥലംമാറ്റി രണ്ടാമത് ഉത്തരവിറക്കിയത്.
കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ഗുണ്ട ഷാജഹാൻ (പൊക്കം ഷാജഹാൻ) ഉൾപ്പെട്ട നാലംഗ സംഘത്തിൽ നിന്നു പിടികൂടിയ ലഹരിമരുന്നിൽ നിന്ന് ഹഷീഷ് ഓയിൽ, ഇ -സിഗരറ്റ് എന്നിവ ഒഴിവാക്കിയും എം.ഡി.എം.എ യുടെ അളവിൽ കുറവുവരുത്തിയും പ്രതികൾക്ക് അനുകൂലമായി കേസ് ചമച്ചെന്നാണ് എസ്.ഐക്കെതിരെയുള്ള കുറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |