ഉള്ളൂർ: മദ്യപസംഘത്തെ ചോദ്യംചെയ്ത ഡി.വൈ.എഫ്.ഐ നേതാവിനെ കുത്തിയ ചെന്നിലോട് സ്വദേശി അമ്പുവെന്ന ജിതിനെ (26) ക്കൂടി പൊലീസ് പിടികൂടി. കഴിഞ്ഞ 26ന് രാത്രി ഡി.വൈ.എഫ്.ഐ നേതാവ് കുമാരപുരം ചെന്നിലോട് സ്വദേശി പ്രവീണിനാണ് (41) കുത്തേറ്റത്. സഹോദരൻ കുഞ്ഞുമോന്റെ വീടിന് മുൻവശത്തുവച്ച് മദ്യപിച്ച് അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്തതിനെ എതിർത്തതോടെ, ചന്തു, ബൈജു, അമ്പു എന്നിവരടങ്ങിയ സംഘം ആക്രമിക്കുകയും കുത്തുകയുമായിരുന്നു. കഴുത്തിലും കണ്ണിനടുത്തുമാണ് കുത്തേറ്റത്. പ്രവീണിനെ അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. രണ്ടാം പ്രതിയായ ബൈജുവിനെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയിരുന്നു.നെടുമങ്ങാട് പനവൂരിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ താമസക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ ഷാഫി.ബി.എമ്മിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് അമ്പു പിടിയിലായത്. മുഖ്യപ്രതി ചന്തു ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |