കിളിമാനൂർ: ഒരുകാലത്ത് ഗ്രാമങ്ങളിൽ കേട്ടുകേൾവി മാത്രമുണ്ടായിരുന്ന ലഹരിവസ്തുക്കൾ ഇന്ന് ഗ്രാമങ്ങളിൽ സുലഭം. ഒപ്പം ലഹരിക്ക് അടിമപ്പെട്ടുണ്ടാകുന്ന കുറ്റകൃത്യങ്ങളും ആത്മഹത്യകളും ഗ്രാമങ്ങളിൽ വർദ്ധിക്കുന്നു. സമീപകാലത്ത് പ്രദേശത്ത് നടന്നിട്ടുള്ള ആക്രമണങ്ങളും കുറ്റകൃത്യങ്ങളും എല്ലാം വിരൽചൂണ്ടുന്നത് യുവാക്കൾക്കിടയിലെ ലഹരി ഉപയോഗത്തിലേക്കാണ്. നിസാര കാര്യങ്ങൾക്കുപോലും കൊലപ്പെടുത്തുന്നതോ ആത്മഹത്യചെയ്യുന്നതോ ആയ പ്രവണത.
മദ്യപാനത്തിനിടെയുള്ള തർക്കത്തിൽ സുഹൃത്തിന്റെ അടിയേറ്റ് യുവാവ് മരിച്ചിട്ട് രണ്ടാഴ്ചയാകുന്നതേയുള്ളൂ.
കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടുമ്പുറം അരിവാരിക്കുഴി വടക്കുംകര പുത്തൻവീട്ടിൽ അഭിലാഷ് (28) ആണ് മരിച്ചത്.സുഹൃത്തും പുളിമാത്ത് പന്തടിക്കളം അങ്കണവാടിക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന അരുൺ (38) ആണ് കൊല ചെയ്തത്. ജോലി കഴിഞ്ഞ് എത്തിയ ഇരുവരും പന്തടിക്കളം ജംഗ്ഷനിൽ എത്തി ഒരുമിച്ച് മദ്യപിക്കുകയും അരുണിന്റെ പെൺ സുഹൃത്തിനോട് അഭിലാഷ് മോശമായി പെരുമാറിയെന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കിട്ടുന്നത് ക്യാരിയർമാരെ
പൊലീസ്, എക്സൈസ് വാഹനങ്ങൾ എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിൽ തമ്പടിച്ച് സിന്തറ്റിക് ലഹരി ഉൾപ്പെടെയുള്ളവ വില്പന നടത്തുന്നതിനാൽ പലപ്പോഴും ഇവരെ പിടികൂടാൻ കഴിഞ്ഞെന്നുവരില്ല. ലഹരിവസ്തുക്കൾ വില്പന നടത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയാൽ കിട്ടുന്നതോ ക്യാരിയർമാരെയും. ഇവർക്ക് ഇതിന്റെ ഉറവിടം അറിയാനും കഴിയില്ല. ആഘോഷങ്ങളിൽപ്പോലും ലഹരിവസ്തുക്കൾ പ്രഥാനഘടകമായി മാറി.
പുകയില ഉത്പന്നങ്ങളും: നിരോധിതമെന്ന് പറയുന്ന പല ലഹരി ഉത്പന്നങ്ങളും ഇപ്പോഴും സുലഭമാണ്. അതും മുമ്പത്തേക്കാൾ ഇരട്ടിയായി. എത്ര വിലചോദിച്ചാലും ഇവ വാങ്ങാൻ ആവശ്യക്കാർ ഏറെയുണ്ട്. അറിയിച്ചാൽ സ്ഥലത്ത് എത്തിച്ചുകൊടുക്കാൻ ആളുണ്ട്. രാത്രി 11 കഴിഞ്ഞാൽ ഇരുട്ടുവാക്കിന് ചെറു പായ്ക്കറ്റുകൾ കൈമാറുന്ന പുതിയ തലമുറയെ കാണാം. ജീവനിൽ പേടിയുള്ളവർ ഇത് കണ്ടെല്ലെന്ന് നടിക്കുകയേ വഴിയുള്ളൂ.
മൂന്ന് തരം
സ്മാൾ, മീഡിയം, കോമേഴ്സ്യൽ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് വകുപ്പുകൾ കണക്കാക്കുന്നത്. കഞ്ചാവ് ഒരു കിലോ വരെ സ്മോൾ ക്വാണ്ടിറ്റിയും, ഒന്നു മുതൽ 20 കിലോ വരെ മിഡിയവും, അതിന് മുകളിൽ കോമേഴ്സ്യലുമായാണ് കണക്കാക്കുന്നത്. എം.ഡി.എം.എ 0. 05 വരെ സ്മോളും, 10 ഗ്രാം വരെ മീഡിയം ക്വാണ്ടിറ്റിയും,10 ഗ്രാം മുതൽ കൊമേഴ്സ്യൽ ക്വാണ്ടിറ്റിയുമാണ്. കോമേഴ്സ്യൽ ക്വാണ്ടിറ്റി കൈ വശംവച്ചാൽ 20 വർഷം വരെയാണ് തടവ്. സ്മോൾ ക്വാണ്ടിറ്റിക്ക് സ്റ്റേഷൻ ജാമ്യം ലഭിക്കും, മീഡിയം മുതൽ റിമാന്റ് ചെയ്യപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |