തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ സീരീസിലെ എം.എസ്.സി തുർക്കി ചരക്കുകപ്പൽ ഇന്ന് വൈകിട്ട് അഞ്ചരയോടെ വിഴിഞ്ഞത്ത് നങ്കൂരമിടും. ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ഇത് നങ്കൂരമിടുന്നത് ആദ്യമായാണ്. ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (എം.എസ്.സി) അൾട്രാലാർജ് ഇനത്തിലെ കപ്പലായ ഇതിന് 399.9മീറ്റർ നീളവും 61.3മീറ്റർ വീതിയുമുണ്ട്. 24,346കണ്ടെയ്നറുകൾ വഹിക്കാം.ഏറ്റവും കുറച്ച് കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നതും ഏറ്റവും ഇന്ധനക്ഷമതയുമുള്ളതുമായ കണ്ടെയ്നർ ഷിപ്പാണിത്.
സിംഗപ്പൂരിൽ നിന്ന് ഇക്കഴിഞ്ഞ 2ന് പുറപ്പെട്ട കപ്പലാണ് ഇന്ന് വിഴിഞ്ഞത്ത് അടുക്കുന്നത്. മൂവായിരത്തോളം കണ്ടെയ്നറുകൾ ഇറക്കിയശേഷം ബുധനാഴ്ച രാത്രിയോടെയോ വ്യാഴാഴ്ചയോ കപ്പൽ തിരിച്ചുപോവും. ഏറ്റവുമധികം കണ്ടെയ്നറുകൾ വഹിക്കാനാവുന്ന ആറ് കപ്പലുകളാണ് ഈ ശ്രേണിയിലുള്ളത്. അതിലൊന്നാണ് വിഴിഞ്ഞത്ത് എത്തുന്നത്. ദുബായ്, കൊളംബോ തുറമുഖങ്ങളിൽ പോലും ഈ ശ്രേണിയിലെ കപ്പൽ അടുത്തിട്ടില്ലെന്നാണ് എം.എസ്.സി കമ്പനി വ്യക്തമാക്കുന്നത്. തുറമുഖത്തിന്റെ ഔദ്യോഗിക കമ്മിഷനിംഗ് നടക്കും മുമ്പാണ് ഈചരിത്രനേട്ടം.
കഴിഞ്ഞ ജൂലായിൽ ട്രയൽ ഓപ്പറേഷനും ഡിസംബറിൽ വാണിജ്യ ഓപ്പറേഷനും തുടങ്ങിയ തുറമുഖം ഇതുവരെ 246 കപ്പുകളിലായി 5ലക്ഷം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. പ്രതിദിനം ശരാശരി 3000കണ്ടെയ്നറുകൾ നീക്കുന്നു. എം.എസ്.സിയുടെ കൂറ്റൻകപ്പലായ ക്ലൗഡ് ജിറാർഡെറ്റ് (24116 കണ്ടെയ്നർ ശേഷി) കഴിഞ്ഞ സെപ്തംബറിൽ വിഴിഞ്ഞത്ത് എത്തിയിരുന്നു.
നാല് ഫുട്ബാൾ മൈതാനത്തിന്റെ വലിപ്പം
നാല് ഫുട്ബാൾ മൈതാനത്തിലേറെ വലിപ്പമുള്ള കൂറ്റൻ ചരക്കുകപ്പലുകളാണ് അൾട്രാലാർജ് ഇനത്തിലുള്ളത്. ശരാശരി 24000 കണ്ടെയ്നർ ശേഷിയുണ്ടായിരിക്കും. ഈ ഗണത്തിൽപെട്ട മെറ്റ, ഗെമ്മ, സെലസ്റ്റീനോ, നിക്കോളോ മാസ്ട്രോ എന്നിവയെല്ലാം പിന്നാലെ വരുന്നുണ്ട്.
എം.എസ്.സി തുർക്കി ലൈബീരിയയുടെ പതാക വഹിച്ചാണ് എത്തുന്നത്. 2023ലാണ് തുർക്കിയിൽ നിർമ്മിച്ചത്. 230 അന്താരാഷ്ട്ര റൂട്ടുകളിൽ 30സർവീസുകൾ നടത്തുന്നു. 20ലക്ഷം കണ്ടെയ്നറുകൾ പ്രതിവർഷം കടത്തുന്നു.
ഗോൾഡൻ ആങ്കർ, അറ്റ്‌ലസ് ലോജിസ്റ്റിക് അടക്കം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2023ൽ തുർക്കിയുടെ നൂറാം റിപ്പബ്ലിക് ദിനത്തിലാണ് കപ്പലിന് ഈ പേരിട്ടത്. അൾട്രാലാർജ് കപ്പലുകൾ അനായാസം അടുപ്പിക്കുന്നത് വിഴിഞ്ഞത്തെ ലോകപ്രശസ്തമാക്കും.
15.1
നോട്ട്സ് (28കിമി) ആണ് കപ്പലിന്റെ വേഗത
വമ്പൻ എം.എസ്.സി
155 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന എം.എസ്.സി കമ്പനിക്ക് 860കപ്പലുകളുണ്ട്. ജനീവയാണ് ആസ്ഥാനം. 22.5 ദശലക്ഷത്തിലധികം ടി.ഇ.യു കാർഗോ കൈകാര്യം ചെയ്യുന്നതാണ് എം.എസ്.സി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |