അന്വേഷണത്തിന് പ്രത്യേക വിഭാഗം
തിരുവനന്തപുരം: വധശിക്ഷ വരെ കിട്ടാവുന്ന പോക്സോ കേസുകളിൽ ഗൗരവമായ അന്വേഷണമോ തെളിവു ശേഖരണമോ നടത്താതെ ഒത്തുകളിക്കുന്ന പൊലീസ് കുടുങ്ങും. പോക്സോ കേസുകളുടെ അന്വേഷണത്തിന് മാത്രമായി ക്രൈംബ്രാഞ്ച് പോലെ പ്രത്യേക വിഭാഗം രൂപീകരിച്ചതോടെയാണിത്.
18.32% കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെടുന്നതെന്നാണ് കണക്കുകൾ. മിക്ക കേസുകളും തെളിവില്ലാതെ അവസാനിക്കുകയാണ്. പോക്സോ അന്വേഷണത്തിൽ പൊലീസിന്റെ വീഴ്ചകൾ മനുഷ്യാവകാശ കമ്മിഷനിൽ ക്രമസമാധാന എ.ഡി.ജി.പിയായിരുന്ന എം.ആർ.അജിത്കുമാർ സമ്മതിച്ചിരുന്നു. പൊലീസും അഭിഭാഷകരും ഒത്തുകളിച്ചാണ് കേസുകൾ ഇല്ലാതാക്കുന്നത്. തെളിവുകളും ശാസ്ത്രീയ റിപ്പോർട്ടുകളുമുള്ള കേസുകളാണെങ്കിലും ദുർബലമായ വകുപ്പുകൾ ചുമത്തി പ്രതികളെ രക്ഷിക്കുകയാണ് പതിവ്. ഇരയെയും പ്രതികളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി മദ്ധ്യസ്ഥ ചർച്ച പോലും നടത്താറുണ്ട്. വനിതാ എസ്.ഐയ്ക്ക് പകരം പുരുഷ പൊലീസുകാരാണ് മൊഴിയെടുക്കുന്നത്. വൈദ്യപരിശോധനയ്ക്ക് കുട്ടി വിസമ്മതിച്ചെന്ന് രേഖയുണ്ടാക്കി കേസ് ദുർബലമാക്കും.
ഡിവൈ.എസ്.പിമാരുടെ മേൽനോട്ടത്തിൽ ഇനി പ്രത്യേക വിഭാഗം അന്വേഷിക്കുന്ന കേസുകൾ ഡി.ഐ.ജിമാരും ജില്ലാപൊലീസ് മേധാവിമാരും പരിശോധിക്കും. വിവരമറിഞ്ഞ് 24മണിക്കൂറിനകം കേസെടുക്കണമെന്ന നിയമം കർശനമായി പാലിക്കപ്പെടും. ഇരകളെ സ്റ്റേഷനിൽ വിളിച്ചു വരുത്താതെ പ്രത്യേകസംഘം വീട്ടിലെത്തി മൊഴിയെടുക്കും, അതും ഒരു തവണ. 2013-18കാലത്ത് വിചാരണ നടന്ന 1255കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് 230ൽ മാത്രം. കോഴിക്കോട്ട് 282കേസുകളിൽ വിചാരണ പൂർത്തിയായപ്പോൾ പ്രതികൾ ശിക്ഷിക്കപ്പെട്ടത് 23ൽ . പോക്സോ നിയമത്തിൽ കുറഞ്ഞത് 3 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷയും, മരണമുണ്ടായാൽ വധശിക്ഷയും കിട്ടും. ഇക്കൊല്ലം ആദ്യരണ്ടു മാസം 888കേസുകളാണുണ്ടായത്.
തെളിവെടുപ്പ്
ചടങ്ങായി
അന്വേഷണം വൈകിപ്പിക്കും, പ്രതിക്കെതിരെ തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച
മേലുദ്യോഗസ്ഥർക്ക് കേസന്വേഷണത്തിന്റെ മേൽനോട്ടത്തിൽ വീഴ്ച
വിചാരണയിൽ അതിജീവിതയും സാക്ഷികളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നു.
പ്രതിയിൽനിന്ന് പണവുംആനുകൂല്യങ്ങളും കൈപ്പറ്റി കേസ് ഒത്തുതീർക്കുന്നു.
(മനുഷ്യാവകാശ കമ്മിഷനിൽ പൊലീസ് അറിയിച്ചത്)
നഷ്ടപരിഹാരം
തിരിച്ചെടുക്കണം
അതിജീവിത കൂറുമാറിയാൽ നഷ്ടപരിഹാരം തിരിച്ചു പിടിക്കണം
ബന്ധുക്കൾ പ്രതിയായ കേസിൽ ഇരയെ സുരക്ഷിതമായി പാർപ്പിക്കണം
പ്രതി സ്വാധീനിക്കാൻ ശ്രമിച്ചാൽ അക്കാര്യം കോടതിയെ അറിയിക്കണം
അതിജീവിതയെ വിക്ടിം ലെയ്സൺഓഫീസർ സ്ഥിരമായി സന്ദർശിക്കണം
(പൊലീസ് ഹൈക്കോടതിയിൽ നൽകിയ ശുപാർശകൾ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |