ശിവഗിരി: കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫലവൃക്ഷ-ഔഷധസസ്യങ്ങളുടെ വൻശേഖരമൊരുക്കി ശിവഗിരിമഠം നഴ്സറി. വിഷുപ്പുലരിയിൽ ശിവഗിരിയിലെത്തുന്ന ഭക്തർക്ക് ഫലവൃക്ഷ-ഔഷധസസ്യങ്ങളുടെ അപൂർവശേഖരം കാണാൻ കഴിയും. പുതിയയിനം ചെടികളും ഔഷധസസ്യങ്ങളും ലഭ്യമാക്കിക്കൊണ്ട് നിലവിലുള്ള നഴ്സറി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. സംസ്ഥാനത്തും അയൽസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിൽ നിന്നും ലഭ്യമാകുന്ന ഫലവൃക്ഷങ്ങളുടെ തൈകൾ നേരത്തെ മുതൽ ഇവിടെ ലഭ്യമെങ്കിലും വ്യത്യസ്തമായ കൂടുതൽ ഇനങ്ങൾ ഇപ്പോൾ എത്തിച്ചിട്ടുണ്ട്. മഹാസമാധിക്കു സമീപം ഗുരുദേവൻ നട്ടുവളർത്തിയ പ്ലാവും വിവിധയിനം മരങ്ങളും നാടിന്റെ നാനാഭാഗത്ത് നിന്നും ശിവഗിരിയിലെത്തി പോകുന്ന ഭക്തരിൽ കൗതുകമുണർത്തുന്നു. പ്രായാധിക്യത്തിലും വളരെയേറെ ഫലം നൽകുന്ന പ്ലാവിന്റെ തൈകൾ വിശ്വാസികൾ മടക്കയാത്രയിൽ കൊണ്ടുപോകുന്നു. ചെമ്പഴന്തി ഗുരുകുലത്തിലെ മുത്തശ്ശിപ്ലാവിന്റെയും അരുവിപ്പുറത്തെ പ്ലാവിന്റെയും തൈകൾ കിട്ടാനാഗ്രഹിച്ചെത്തുന്നവരും ഏറെയാണ്. ശിവഗിരി കുന്നുകളിലെ പ്ലാവുകളിൽ നിന്നും മാവുകളിൽ നിന്നും ശേഖരിക്കുന്ന ഫലങ്ങൾ പാകപ്പെടുത്തി, എത്തിച്ചേരുന്ന ഭക്തർക്ക് ഗുരുപൂജ പ്രസാദത്തിനൊപ്പം നൽകുന്നു. നിലവിൽ വിവിധയിനം മാവുകളിൽ നിന്നുള്ള വിഭവങ്ങളൊക്കെയാണ് ശിവഗിരിയിൽ സീസണായാൽ കാണാനാവുക. ഇവിടെ നിന്നുള്ള പ്ലാവുകളുടെയും മാവുകളുടെയും വിത്തുകൾ ശേഖരിച്ച് പൊതുസ്ഥലങ്ങളിലും വീടുകളിലും നട്ടുവളർത്തുന്നവരും നിരവധിയുണ്ട്.
ഗുരുസേവയിൽ കർമ്മയോഗ
'മരങ്ങൾ നടണം, തടിയുമായി ഫലവുമായി" എന്നുള്ള ഗുരുദേവ വചനം ശിവഗിരിക്കുന്നുകളിൽ നേരത്തെ സാക്ഷാത്കരിച്ചിട്ടുണ്ട്. ശിവഗിരിക്കുന്നിൽ കൃഷി നടത്തിയാണ് ഗുരുദേവൻ പർണശാല തുടങ്ങിയത്.പിന്നാക്കാവസ്ഥയിലായിരുന്ന ഒരു സമൂഹത്തെ മുഖ്യധാരയിലെത്തിക്കാൻ ഗുരു നടത്തിയ കാർഷിക സമ്മേളനം ചരിത്രത്തിന്റെ ഭാഗമാണ്.ശിവഗിരി മഠത്തോടു ചേർന്ന് സേവന പ്രവർത്തനങ്ങൾ നിർവഹിച്ചുവരുന്ന കർമ്മയോഗയുടെ നിയന്ത്രണത്തിലാണ് നഴ്സറി പ്രവർത്തിച്ചുവരുന്നത്. കിളിമാനൂർ സ്വദേശിയും കെ.എസ്.എഫ്.ഇയിൽ നിന്ന് വിരമിച്ച ചന്ദ്രശേഖരനും വർക്കല ഇടവയിൽ താമസിക്കുന്ന ഗീതയുമാണ് കർമ്മയോഗയുടെ നഴ്സറി വിഭാഗത്തിനായി നിലകൊള്ളുന്നത്. കൃഷിയെ ഏറെ സ്നേഹിക്കുന്ന ചന്ദ്രശേഖരന്റെ പുരയിടമാണ് ശിവഗിരി നഴ്സറിയിലേക്കുള്ള തൈകൾ ഉത്പാദിപ്പിക്കുന്ന കേന്ദ്രം. തൈകൾ വാങ്ങുന്നവർക്ക് അവയുടെ പരിചരണ രീതികളും ലഭ്യമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |