ഉദിയൻകുളങ്ങര: വേനൽക്കാല അവധിയിലും പുറത്തിറങ്ങാതെ കുട്ടികൾ. സ്കൂൾ അവധിക്കാലത്ത് കുട്ടികളുടെ കൂട്ടംകൂടലും കുട്ടിക്കളികളും കാണാത്ത ഗ്രാമമായി മാറുകയാണിന്ന് തെക്കൻ കേരളത്തിലെ മേഖലകൾ. പല കുട്ടികളും മൊബൈലിൽ മാത്രമായി ഒതുങ്ങി കൂടുന്ന അവസ്ഥയിലാണ്.
കുട്ടികൾക്കായി പല സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ടെങ്കിലും നൂറിൽ 15% കുട്ടികൾപോലും പങ്കെടുക്കാതെ ഒഴിഞ്ഞു നിൽക്കുകയാണ്. ഇത് കുട്ടികളിൽ മാനസികമായുള്ള വളർച്ചയ്ക്കും അവരുടെ വിനോദത്തിനും വിഗ്നമാകുമെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തൽ.
പട്ടണത്തെ പോലും വെല്ലുന്ന തരത്തിൽ റസിഡൻസ് മേഖലകളായി ഗ്രാമങ്ങൾ മാറിയതിനാൽ അയൽവക്കത്ത് താമസിക്കുന്നവരെ പോലും പരിചയമില്ലാത്ത അവസ്ഥയാണ്. കളിക്കളങ്ങളായി എം.എൽ.എമാരുടെ നേതൃത്വത്തിൽ ചെറിയ സ്റ്റേഡിയങ്ങൾ ഉണ്ടെങ്കിലും ക്ലബുകളുടെയും ക്രിക്കറ്റ് ടീമുകളുടെയും ആധിപത്യം പോലെയായി മാറിയതുപോലെയാണ്. ഗ്രാമങ്ങളിലെ അയണി ചക്കയും പുളിച്ചിമാങ്ങയുടെയും ജാമ്പക്കയുടെയും സോദറിയാത്ത പുതു തലമുറകളെ കോർത്തിണക്കാൻ ഇനിയൊരു സംരംഭം ഉണ്ടാകുമോ എന്നാണ് പുതുതലമുറയെ കുറിച്ച് മുതിർന്നവർക്കുള്ള ആശങ്ക.
മണ്ണറിയാതെ കുട്ടികൾ
ഗ്രാമീണ കുളങ്ങളിൽ നീന്തിക്കളിച്ചും കുളിച്ചു 20 വർഷങ്ങൾക്കു മുമ്പ് വരെ വിനോദം കണ്ടിരുന്നവർ ഇന്നു കാണുന്നത് ആ കുളങ്ങൾ കാടുകയറിയും മാലിന്യം കൊണ്ട് മൂടപ്പെട്ടുകിടക്കുന്ന കാഴ്ചയാണ്.
വെക്കേഷൻ കാലങ്ങളിൽ നീന്തൽ, മരം കയറൽ, കരാട്ടെ,കളരി,സംഗീതം തുടങ്ങിയവ അഭ്യസിച്ചിരുന്നവർ നിരവധിയായിരുന്നു.
മൊബൈലിൽ തലകുനിച്ച് ബാല്യങ്ങൾ
മണ്ണിൽ കളിച്ചു നടക്കേണ്ട കുട്ടികളിന്ന് മൊബൈൽ ഫോണിന്റെ പിടിയിലാണ്. കുട്ടികളിലെ അമിത മൊബൈൽ ഫോൺ ഉപയോഗം കുഞ്ഞുങ്ങളിൽ കാഴ്ച ശക്തി നഷ്ടപ്പെടുത്തുന്നതിനോടൊപ്പം കൈ വിരലുകളിലെ തള്ളവിരലിനുള്ളിൽ ബോൺ തേയ്മാനത്തിനും തോളെല്ലിന് ക്ഷതവും സംഭവിപ്പിക്കാം.
അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് ഇരുളടഞ്ഞ മുറികളിലും ഒറ്റപ്പെട്ട ഏകാന്തവാസവും അനുഭവിക്കുന്ന കുട്ടികളിൽ കൂടുതലായും ലഹരി ഉപയോഗിക്കുന്നതിനും ക്രിമിനൽ വാസന വർദ്ധിപ്പിക്കുന്നതിനും കാരണമെകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |