ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്ത് മണൽ മൂടിയതോടെ ഇതുവഴിയുള്ള മത്സ്യബന്ധനം നിലച്ചു. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന ഹാർബറാണ് ഇവിടം. മത്സ്യബന്ധനത്തിന് കടലിൽപോകാൻ ഇവിടുത്തെ മണ്ണ് തടസമായതോടെ മത്സ്യത്തൊഴിലാളികളുടെ മുറവിളിക്കും പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമൊടുവിലാണ് അധികൃതർ ഇവിടെ ഡ്രഡ്ജർ എത്തിച്ചത്. നിലവിൽ അഴിമുഖത്ത് ഡ്രഡ്ജിംഗ് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അഴിമുഖം അടയുന്നത്.ഈ സ്ഥിതി തുടർന്നാൽ സമീപ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിക്കും വഴിവെക്കും.
ദിനം പ്രതി ഡ്രഡ്ജ് ചെയ്ത് മാറ്റുന്നതിനെക്കാൾ മണ്ണ് ക്രമാതീതമായി അഴിമുഖത്ത് അടിയുന്നതാണ് നിലവിലെ സ്ഥിതി കൂടുതൽ വഷളാക്കിയത്.
മത്സ്യത്തൊഴിലാളികൾ പട്ടിണിയിലേക്ക്
അഴിമുഖം മണൽ മൂടി അടഞ്ഞതോടെ ഇരുവശങ്ങളിൽ നിന്നും നടന്നുകയറാവുന്ന അവസ്ഥയിലാണ്. ട്രാക്റ്ററിൽ കെട്ടിവലിച്ച് ചില ചെറുവള്ളങ്ങൾ ഇന്നലെ കടലിൽ ഇറക്കിയിരുന്നു. ഈ വള്ളങ്ങൾ മര്യനാട്,പുതുക്കുറുച്ചി എന്നീ ബീച്ചുകളിലേക്ക് മാറ്റി. പലരും ഇതിനോടകം മറ്റ് ഹാർബറുകളെ ആശ്രയിച്ചു കഴിഞ്ഞു. താങ്ങുവലവള്ളങ്ങൾക്ക് കടലിൽ പോകാൻ പറ്റാതെ ഹാർബറിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവ അഴിമുഖം കടന്നാലെ മറ്റ് ഹാർബറുകളിലേക്ക് മാറ്റാൻ പറ്റു. ഈ സ്ഥിതിതുടർന്നാൽ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലേക്ക് കൂപ്പുകുത്തും.
ഒച്ചിഴയും വേഗത്തിൽ
മുതലപ്പൊഴി അഴിമുഖത്തെ അശാസ്ത്രീയത പരിഹരിക്കുന്നതിനുള്ള മുൻകാല ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും പുതിയ പഠനങ്ങളുടെ പ്രതിപ്രവർത്തനങ്ങൾ ഒച്ചിഴയും വേഗത്തിലായതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ആലോചനായോഗം ചേർന്നു
മുതലപ്പൊഴിയിൽ നിന്നുള്ള വള്ളങ്ങൾ കൊല്ലം തങ്കശേരി ഹാർബറിലെത്തിച്ച് മത്സ്യബന്ധനം നടത്താനുള്ള ആലോചനായോഗം കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്നു. തങ്കശേരി ഹാർബറിലേ തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി പരിഗണിച്ചാകും തീരുമാനം. ഭാവി പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ പൂത്തുറയിൽ ഇന്ന് പ്രതിഷേധ യോഗം കൂടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |