പൂവാർ: കടൽക്ഷോഭത്തിൽ തകർന്ന പൊഴിയൂർ പരിത്തിയൂരിലെ ഓഖിപാർക്ക് ഉചിതമായ സ്ഥലത്ത്
പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഓഖി ദുരന്തത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സ്മരണയ്ക്കായി നിർമ്മിച്ച ഓഖി പാർക്ക് കടലേറ്റത്തിൽ തകർന്നിട്ട് വർഷങ്ങളായി. കെ.ആൻസലൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഓഖിപാർക്ക് ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ശക്തമായ കാറ്റിൽ കടലെടുത്തത്. കടലേറ്റത്തിൽ പരുത്തിയൂർ തീരവും ഓഖി പാർക്കിന്റെ പിൻഭാഗത്തെ മതിൽക്കെട്ടും തകർന്നു. പാർക്കിനുള്ളിലേക്ക് ഇരച്ചുകയറിയ തിരമാലയിൽ ഓഖി സ്മാരകം, ടോയ്ലെറ്റ്, നടപ്പാത കുട്ടികളുടെ കളിസ്ഥലം, വിശ്രമകേന്ദ്രം, ഇരിപ്പിടങ്ങൾ, പൂന്തോട്ടം എന്നിവയും തകർന്നു. പാർക്കിനുള്ളിൽ കുട്ടികളുടെ വിനോദത്തിനായി സ്ഥാപിച്ചിരുന്ന ഉപകരണങ്ങളും കടലെടുത്തു. അതിനുശേഷം അടിക്കടിയുണ്ടായ കള്ളക്കടൽ പ്രതിഭാസത്തിൽ ഓഖി പാർക്കിനെ മണൽ മൂടി. കടലേറ്റം വ്യാപകമായതോടെ ഓഖി സ്മാരകം മാറ്റി സ്ഥാപിക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഓഖി ദുരന്തം
2017നവംബർ 29നാണ് ഓഖി ചുഴലിക്കാറ്റുണ്ടായത്. കേരളത്തിൽ മാത്രം 142 ജീവനുകൾ പൊലിഞ്ഞു. പൊഴിയൂരിനാകട്ടെ 12 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ആയിരങ്ങളുടെ കിടപ്പാടവും തൊഴിലിടവും ദുരിതക്കയത്തിൽ മുങ്ങിത്താണു. ഈ നടുക്കുന്ന ഓർമ്മകളുടെ സ്മാരകമായാണ് ഓഖി പാർക്ക് നിർമ്മിച്ചത്. കെ.ആൻസലൻ എം.എൽ.എയുടെ 2018-19ലെെ ആസ്തിതി വികസന ഫണ്ടിൽ നിന്നും 53 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച പാർക്ക് 2021ഫെബ്രുവരി 8നാണ് ഉദ്ഘാടനം ചെയ്തത്.
2017ൽ പാർക്കിന്റെ ലോഗോ രൂപവത്കരിച്ചു. ശില്പം രൂപകല്പന ചെയ്തത് പ്രദേശവാസിയായ വില്ല്യം പനിപ്പിച്ചയാണ്. പൂർണമായും സിമെന്റുകൊണ്ടാണ് ശില്പം നിർമ്മിച്ചിരുന്നത്. സ്മാരകം എന്നതിലുപരി പൊഴിക്കരയിലെത്തുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനും മഴയും വെയിലുമേൽക്കാതെ നിൽക്കാനും കഴിയുന്ന തരത്തിലായിരുന്നു പാർക്കിന്റെ നിർമ്മാണം. എന്നാൽ ഈ അഭയ സങ്കേതമാണ് മറ്റൊരു കടൽക്ഷോഭത്തിലൂടെ തകർത്തെറിഞ്ഞിരിക്കുന്നത്. ഇതിന്റെ പുനർനിർമ്മാണം അടിയന്തരമായി നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |