കിളിമാനൂർ: വെള്ളല്ലൂരിൽ പതിമൂന്നുകാരനെ മുത്തച്ഛൻ, തേക്കുമരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി.വെള്ളല്ലൂർ സ്വദേശി ബാബുവിനെതിരെയാണ് നഗരൂർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടിൽ സുഹൃത്തുമായി മദ്യപിച്ച് കൊണ്ടിരുന്ന ബാബു ചെറുമകനെ മർദ്ദിക്കുകയായിരുന്നു. പതിമൂന്നുകാരനെ തേക്ക് മരത്തിൽ കെട്ടിയിട്ട് ഇലക്ട്രിക് വയർ കൊണ്ട് മർദ്ദിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തുവെന്ന് മൊഴിയിൽ പറയുന്നു.
മിക്ക ദിവസങ്ങളിലും ഈ കുട്ടിയെയും സഹോദരനെയും ഇയാൾ മർദ്ദിക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. മാരകമായി പരിക്കേറ്റ കുട്ടിയെ വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.
നഗരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കുട്ടിയുടെ പിതാവ് മരണപ്പെട്ടശേഷം മാതാവ് മറ്റൊരു വിവാഹം ചെയ്തു. തുടർന്ന് കുട്ടികൾ മുത്തച്ഛൻ ബാബുവിന്റെ സംരക്ഷണയിലാണ് കഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |