തിരുവനന്തപുരം: സി.സി.ടി.വി ക്യാമറകളും ട്രാഫിക്ക് മാനേജ്മെന്റ് സംവിധാനങ്ങളുമായി തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ സ്മാർട്ടാകുന്നു.തിരക്ക് നിയന്ത്രിക്കാനായി ടെർമിനലിൽ നാലു സിഗ്നൽ ലൈറ്റ് പോസ്റ്റുകൾ സ്ഥാപിച്ചു.അടുത്തമാസം മുതൽ പ്രവർത്തിച്ചു തുടങ്ങും.തമ്പാനൂരിൽ ബസ് കയറാനെത്തുന്നവരിലധികവും ടെർമിനലിന് സമീപത്തെ ബഹുനിലക്കെട്ടിടത്തിലാണ് വാഹനം പാർക്ക് ചെയ്യുന്നത്. വാഹനമെടുത്ത് മടങ്ങുമ്പോഴും പാർക്കിംഗ് ഏരിയയിലേക്ക് വരുമ്പോഴും തിരക്ക് നിയന്ത്രണാതീതമാണ്. ലഗേജുകളുമായെത്തുന്ന കാൽനടയാത്രക്കാരും തിരക്കിൽ വലയുന്നു.ഈ സാഹചര്യത്തിലാണ് സിഗ്നലുകൾ സ്ഥാപിച്ചതെന്ന് കെ.എസ്.ആർ.ടി.സി ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ(ഡി.ടി.ഒ) കേരളകൗമുദിയോട് പറഞ്ഞു.ടെർമിനലിന്റെ ഇരുവശങ്ങളിലുമാണ് സിഗ്നൽ സ്ഥാപിച്ചിട്ടുള്ളത്.ഇവയിൽ സി.സി.ടി.വിയും സ്ഥാപിച്ചിട്ടുണ്ട്.നിലവിൽ 40 ക്യാമറകളാണുള്ളത്.10 ക്യാമറകൾ കൂടി ഉടൻ സ്ഥാപിക്കും.രാത്രിയിൽ ടെർമിനലിലെ കടകളിലെ ജീവനക്കാർ ഇന്ത്യൻ കോഫീ ഹൗസിന് സമീപം മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് തടയുന്നതിനാണ് കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നതെന്നും ഡി.ടി.ഒ അറിയിച്ചു.
കുരുക്കഴിക്കാൻ
സ്കൂൾ-ഓഫീസ് സമയങ്ങളിൽ തമ്പാനൂരിൽ ഗതാഗതക്കുരുക്ക് കഠിനമാണ്.തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിനെത്തുന്ന സമയം കുരുക്ക് അതിരൂക്ഷമാകും. മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവ്. ബസ് ടെർമിനലിന്റെ ഭാഗത്ത് നിന്ന് റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും പോകുന്നവർക്ക് റോഡ‌് മുറിച്ച് കടക്കുന്നതും ബുദ്ധിമുട്ടിയാണ്. അതേസമയം, ടെർമിനലിനു പുറത്തെ ഗതാഗതനിയന്ത്രണ സംവിധാനങ്ങളുമായി ഉള്ളിലെ സംവിധാനങ്ങൾ ചേർന്നു പോകുമോയെന്നും ചിലർ ആശങ്ക പ്രകടിപ്പിച്ചു.ഉദാഹരണത്തിന് ടെർമിനലിൽ ചുവപ്പ് സിഗ്നൽ കിടക്കുമ്പോൾ അകത്തേക്ക് പ്രവേശിക്കാനാവാതെ വാഹനങ്ങൾ റോഡിൽ നിൽക്കേണ്ടിവന്നാൽ ഗതാഗതനിയന്ത്രണം തകിടം മറിയും.
ചാർജിംഗ് സ്റ്റേഷൻ മാറ്റും
വാഹനങ്ങൾ ചാർജ്ജ് ചെയ്യാൻ തമ്പാനൂരിലെ ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനിലെത്തുന്ന വാഹനങ്ങളും തിരക്ക് വർദ്ധിപ്പിക്കുന്നു. ഇക്കാരണത്താൽ ചാർജിംഗ് സ്റ്റേഷൻ ഇവിടെ നിന്ന് വികാസ് ഭവനിലെ കെ.എസ്.ആർ.ടി.സി ഡിപ്പോയിലേയ്ക്ക് മാറ്റും.തിരക്ക് നിയന്ത്രിക്കുന്നതിനായി ബഡ്ജറ്റ് ടൂറിസത്തിനുള്ള ബസുകളും 15 സ്പെയർ ബസുകളും വികാസ് ഡിപ്പോയിലേയ്ക്ക് രണ്ടുദിവസത്തിനുള്ളിൽ മാറ്റും.
സ്മാർട്ടാക്കാൻ
ടെർമിനലിന് ചുറ്റും 50 സി.സി.ടി.വി ക്യാമറകൾ
നാലു സിഗ്നൽ പോസ്റ്റുകൾ
പ്രവർത്തനം മേയ് മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |