പാലോട്: അപൂർവ പക്ഷി വർഗങ്ങളുടെ പറുദീസയാണ് പെരിങ്ങമ്മല പഞ്ചായത്തിലെ ശാസ്താംനടയോട് ചേർന്നുള്ള അരിപ്പ. മുന്നൂറിലധികം വ്യത്യസ്തതരം പക്ഷികളെയാണ് ഇവിടെനിന്ന് കണ്ടെത്തിയത്.വളരെ അപൂർവമായ മക്കാച്ചിക്കാട എന്ന ശ്രീലങ്കൻ പ്രോഗ് മൗത്തിനെ ആദ്യമായി പക്ഷി നിരീക്ഷകർ കണ്ടെത്തിയതും അരിപ്പയിലാണ്. എന്നാൽ ഈ പക്ഷിയെ വനംവകുപ്പിന്റെ രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ശാസ്ത്രജ്ഞർ പരാതിപ്പെടുന്നു.
താടിക്കാരൻ വേലിതത്ത,കാട്ടുമൂങ്ങ,ചാരത്തലയൻ ബുൾബുൾ,മീൻ പരുന്ത്,മേനി പൊന്മാൻ,കാട്ടുപൊടി പൊന്മാൻ,കിന്നരിപരുന്ത്,മീൻ കൂമൻ,മേനിപ്രാവ്,കോഴി വേഴാമ്പൽ,ഉപ്പൻ കുയിൽ,കാട്ടുതത്ത തുടങ്ങിയ പക്ഷികളും ഇവിടെയുണ്ട്.
കേരളത്തിൽ കാണുന്ന ബ്ലാക്ക് വുഡ് പെക്കർ എന്ന കാക്ക മരംകൊത്തിയും പക്ഷികളിലെ ഗായകനായ ഇന്ത്യൻ ക്ഷാമയും ഇവിടെ ധാരാളമായി കണ്ടുവന്നിരുന്നു.എന്നാൽ ഇപ്പോൾ ഇവയുടെ എണ്ണം ക്രമാതീതമായ കുറഞ്ഞുവരികയാണ്. ഇതിന് പരിഹാരമായി അരിപ്പ പക്ഷിസങ്കേതമായി പ്രഖ്യാപിച്ച് സർക്കാർ സംരക്ഷണമൊരുക്കണമെന്നാണ് ഗവേഷകർ പറയുന്നത്.
പക്ഷികൾക്ക് പുറമെ ആന,കാട്ടുപോത്ത്,മ്ലാവ്,പന്നി,മാൻ,മലയണ്ണാൻ തുടങ്ങിയ മൃഗങ്ങളും വൈവിദ്ധ്യങ്ങളായ സസ്യജാലങ്ങളും ഈ വനമേഖലയിലുണ്ട്. ഇവിടെ ഏറ്റവും കൂടുതൽ പക്ഷികളെ കാണാൻ കഴിയുന്നത് ജൂലായ് മുതൽ ഡിസംബർ വരെയാണ്. കേരളത്തിലെ രണ്ടാമത്തെ ഫോറസ്റ്റ് ട്രെയ്‌നിംഗ് കോളേജ് സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.
മക്കാച്ചിക്കാട
പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്തും ശ്രീലങ്കയിലും കാണപ്പെടുന്ന രാത്രിസഞ്ചാരിയായ പക്ഷിയാണ് മക്കാച്ചിക്കാട.ഈ പക്ഷി അരിപ്പ പക്ഷിസങ്കേതത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മീൻ പരുന്ത്
61 സെന്റിമീറ്റർ മുതൽ 75 സെന്റിമീറ്റർ വരെ നീളമുള്ള മീൻ പരുന്തിന് തലയിലേയും കഴുത്തിലേയും തൂവലുകൾക്ക് ചാരനിറമാണ്. മീൻ ആണ് മുഖ്യഭക്ഷണം.നദീതീരത്തിന്റെ ഉയരമുള്ള ചില്ലകളിൽ ബലമുള്ള ചുള്ളിക്കമ്പുകൾ കൊണ്ട് തീർക്കുന്ന കൂടുകളിലാണ് വാസം.
കാട്ടുമൂങ്ങ
55 മുതൽ 65 സെന്റീ മീറ്റർ നീളവും 1.4 കിലോഗ്രാമോളം തൂക്കവും ഈ പക്ഷികൾക്കുണ്ട്. ബ്രൗൺ നിറത്തിലുള്ള പക്ഷിയാണ്.തിങ്ങിനിറഞ്ഞ നിത്യഹരിത വനങ്ങളിലും ഉഷ്‌ണമേഖല പ്രദേശങ്ങളിലും കണ്ടുവരുന്നു.
ചാരത്തലയൻ ബുൾബുൾ
പുഴകൾക്കരികിലെ തിങ്ങിനിറഞ്ഞ മുളം കാടുകളും കുറ്റിക്കാടുകളുമാണ് ഇവയുടെ വാസസ്ഥലം. കഴുത്തിന്റെ പിറകുവശം ചാര നിറത്തിലും നെറ്റി പച്ച കലർന്ന മഞ്ഞയിലും വാലിന് ചാര നിറവുമുള്ള ഈ പക്ഷികൾ ഒറ്റയ്ക്കും ചെറു കൂട്ടങ്ങളായും കാണപ്പെടുന്നു.
കോഴിവേഴാമ്പൽ
പരുന്തിനോളം വലിപ്പമുള്ള കോഴി വേഴാമ്പലിന്റെ പുറം തവിട്ടു കലർന്ന ചാരനിറമാണ്. വാലിന്റെ നടുക്കുള്ള തൂവലുകൾ ഒഴിച്ച് ബാക്കിയുള്ള തുവലുകളുടെ അറ്റം വെളുപ്പാണ്.പെൺപക്ഷിയുടെ കൊക്ക് മഞ്ഞ നിറത്തിലും ആൺപക്ഷിയുടെ കൊക്ക് ഓറഞ്ച് കലർന്ന ചുവപ്പ് നിറവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |