കിളിമാനൂർ: വിവിധ പദ്ധതികളുടെ പേരിൽ 10 ടയർ മുതൽ 16 ടയർ വരെയുള്ള അതിഭീമൻ ടിപ്പറുകളുടെ മത്സരപ്പാച്ചിലിൽ ഭയന്ന് ജനം. പലപ്പോഴും ഇരുചക്ര വാഹനങ്ങളുൾപ്പെടെയുള്ളവ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്. ഇതോടൊപ്പം പുത്തൻ റോഡുകൾ തകരുന്നതും നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം ചിറ്റിലഴികത്ത് അമിതമായി പാറ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് പിന്നോട്ടിറങ്ങി ഇരുചക്രവാഹനത്തിൽ ഇടിച്ച് വാഹനം തകർന്നു. വാഹനത്തിൽ ഉണ്ടായിരുന്ന യുവതികൾ ലോറി പിറകിലേക്ക് വരുന്നതു കണ്ട് ചാടി മാറിയതിനാൽ വൻഅപകടം ഒഴിവായി. തൊളിക്കുഴി,അടയമൺ,വയ്യാറ്റിൻകര,കുറവൻകുഴി,ചിറ്റിലഴികം,പറപ്പമൺ,മിഷ്യൻകുന്ന്,ആനന്ദൻമുക്ക് എന്നീ സ്ഥലങ്ങളിൽ താമസിക്കുന്ന നാട്ടുകാരിപ്പോൾ ഭീതിയിലാണ്. നാട്ടുകാർ ചേർന്ന് വാഹനം തടഞ്ഞാൽ ഉടൻ വികസനത്തിന്റെ പേരുപറഞ്ഞ് ടിപ്പർ ഡ്രൈവർമാർ ഭീഷണിപ്പെടുത്തുകയും വാഹനം തടയുന്നവർക്കെതിരെ കേസെടുക്കുമെന്ന ഭിഷണിയുമാണ്. നിരവധി തവണ പരാതികളുമായി നാട്ടുകാർ പൊലീസ് സ്റ്റേഷനിലും പഞ്ചായത്തിലും പി.ഡബ്ല്യു.ഡി ഓഫീസിലും കയറിയിറങ്ങിയിട്ടും ഇതുവരെ നടപടികളൊന്നുമുണ്ടായില്ല.
പൈപ്പ് പൊട്ടുന്നു
അഞ്ചര മീറ്റർ മാത്രം ടാറിംഗ് വീതിയുള്ള ഈ സ്ഥലങ്ങൾ അമിതഭാരം കയറ്റിയ വാഹനങ്ങൾ പോകുന്നതിന് അനുയോജ്യമല്ല. അമിതഭാരമുള്ള വാഹനങ്ങൾ കടന്നുപോകുന്നതിനാൽ ഈ സ്ഥലങ്ങളിലെ പൈപ്പ് ലൈൻ പൊട്ടുന്നതും പതിവാണ്. വാട്ടർ അതോറിട്ടി ഈ സ്ഥലങ്ങളിലെ ടാറുകൾ കുത്തിപ്പൊളിക്കുകയും പൊളിച്ച സ്ഥലം നികത്താതെ ഉപേക്ഷിക്കുന്നതും പതിവായിട്ടുണ്ട്. അതിനാൽ വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും ഈ സ്ഥലങ്ങളിൽ പതിവാണ്.
അപകടങ്ങളുടെ എണ്ണത്തിൽ വർദ്ധന
കുറവൻകുഴി അടയമൺ റോഡിൽ വയ്യാറ്റിൻകര പാലംപണി കഴിഞ്ഞ് സമീപ ദിവസങ്ങളിലാണ് ഗതാഗതം പുനരാരംഭിച്ചത്. ഇതുവഴിയും ഭീമൻ പാറയുമായാണ് ടിപ്പറുകളുടെ മരണപ്പാച്ചിൽ. വാട്ടർ അതോറിട്ടിക്കാരുടെ റോഡ് കുത്തിപ്പൊളിക്കലും കൂടിയാകുമ്പോൾ ദിനംപ്രതി അപകടങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി ഓടുന്ന ടിപ്പറുകൾ അഞ്ചര മീറ്റർ മാത്രം വീതിയുള്ള ഈ റോഡ് വഴി ഓടാൻ അനുവദിക്കരുതെന്നു പറഞ്ഞ് നിരന്തരമായി പരാതി നൽകിയെങ്കിലും അധികാരികളിത് മുഖവിലയ്ക്കെടുത്തിട്ടില്ല.
പാലിക്കാതെ നിയമവും
തൊളിക്കുഴി മുതൽ കുറവൻകുഴി വരെയുള്ള റോഡിൽ എൽ.പി,യു.പി വിഭാഗത്തിൽ നാലോളം സ്കൂളുകളാണുള്ളത്. രാവിലെയും വൈകിട്ടും സ്കൂൾ സമയങ്ങളിൽ ടിപ്പർ വാഹനങ്ങൾ ഓടിക്കരുതെന്ന് നിയമമുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |