തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് വിമാനത്താവളത്തിലെ റൺവേയിലൂടെയുള്ള ആറാട്ടുഘോഷയാത്ര ബി.ബി.സിയിൽ വാർത്തയായി. ആറാട്ടിന്റെ വീഡിയോദൃശ്യങ്ങൾ സഹിതമാണ് വാർത്ത. ആറാട്ടുഘോഷയാത്ര കടന്നുപോവാൻ വിമാനത്താവളത്തിലെ സർവീസുകൾ ഏതാനും മണിക്കൂറുകൾ നിറുത്തിവച്ചതും രണ്ട് കിലോമീറ്റർ റൺവേയിലൂടെ ക്ഷേത്ര വിഗ്രഹങ്ങൾ വഹിച്ച രഥങ്ങളും ആനകളും കടന്നുപോയതായും ബി.ബി.സി റിപ്പോർട്ട് ചെയ്തു.1932ൽ വിമാനത്താവളം നിർമ്മിച്ച തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഇപ്പോഴത്തെ തലവനാണ് ഘോഷയാത്രയ്ക്ക് നേതൃത്വം നൽകുന്നത്. വിമാനത്താവള നടത്തിപ്പ് അദാനി ഏറ്റെടുത്തിട്ടും ആറാട്ടുഘോഷയാത്ര തടസമില്ലാതെ തുടരുകയാണ്. മതപരമായ ചടങ്ങുകൾക്കായി അടയ്ക്കുന്ന ലോകത്തെ ചുരുക്കം വിമാനത്താവളങ്ങളിലൊന്നാണ് തിരുവനന്തപുരം. ഇന്തോനേഷ്യയിലെ വിമാനത്താവളം ബാലിനീസ് ഹിന്ദു പുതുവർഷത്തിലും ഇസ്രയേലിലെ ബെൻ ഗുരിയോൺ വിമാനത്താവളം ജൂത വിശുദ്ധദിനത്തിനായും അടയ്ക്കാറുണ്ടെന്നും റിപ്പോർട്ടിലുണ്ട്. വിമാനത്താവളം പൂർണമായി അടച്ചുപൂട്ടുന്ന പൊതു അവധി ദിനങ്ങളാണിവ. എന്നാൽ തിരുവനന്തപുരത്ത് ഏതാനും മണിക്കൂറുകൾ മാത്രമാണ് വിമാനത്താവളം അടയ്ക്കുന്നത്. ക്ഷേത്രഘോഷയാത്രയുടെ പാരമ്പര്യം സംരക്ഷിക്കാൻ അവസരം കിട്ടിയതിൽ അഭിമാനമുണ്ടെന്ന് ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭട്കോടി പറഞ്ഞതായി വാർത്തയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |