ശംഖുംമുഖം: മദ്യപാനത്തിനിടെ സുഹൃത്തിനെ ബിയർകുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ പരുത്തിക്കുഴി പളളിത്തെരുവ് സ്വദേശി കത്തി ഷമീർ എന്നുവിളിക്കുന്ന ഷമീറിനെ (35) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് പരുത്തിക്കുഴിക്കു സമീപം വിവൺ നഗറിൽ വച്ച് പ്രതിയുടെ സുഹൃത്തായ പരുത്തിക്കുഴി പളളിത്തെരുവ് സ്വദേശി യാസറിനെ (35) ആണ് ഷമീർ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരിയിൽ മറ്റൊരു കേസിൽ റിമാൻഡിലായ പ്രതി ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷമാണ് വീണ്ടും കേസിൽ പ്രതിയാകുന്നതെന്ന് പൊലീസ് പറഞ്ഞു. പൂന്തുറ എസ്.എച്ച്.ഒ നിയാസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുനിൽ , ജയപ്രകാശ് , എ.എസ്.ഐ പ്രിയകുമാർ , എസ്.സി.പി.ഒ മാരായ സജി , പ്രതീഷ് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |