ആറ്റിങ്ങൽ: ആറ്റിങ്ങലിൽ കളിമൺപാത്ര നിർമ്മാണത്തിന് പേരുകേട്ട വേളാർക്കുടി ഇന്ന് നിശ്ചലം. ടൗണിന് സമീപം ചിറയിൻകീഴ് റോഡിൽ വേളാർക്കുടി മുതൽ കൊടുമൺ വരെയുള്ള പാതയോരങ്ങളിൽ ഒരുകാലത്ത് കളിമൺപാത്ര നിർമ്മാണ മേഖലയിൽ നൂറിലധികം വീടുകൾ ഉണ്ടായിരുന്നു. കളിമൺപാത്ര നിർമ്മാണത്തിന്റെ പ്രധാന യന്ത്രമായ തിരുവാൽ ചക്രത്തിനുള്ളിൽ നനഞ്ഞ കളിമണ്ണിൽ കൈവിരൽ തട്ടുമ്പോൾ വിരിയുന്നത് ശില്പമാണ്. കൈവിരൽ ചലിക്കുന്നതനുസരിച്ച് കലമായും കുടമായും ചട്ടിയായും രൂപമാറ്റം വരുന്നു. ഇങ്ങനെ തീർക്കുന്ന ഉത്പന്നങ്ങൾ നല്ല വെയിലത്ത് ഉണക്കി ചൂളയിൽ വേവിച്ച ശേഷമാണ് പാത്രങ്ങൾ വില്പനയ്ക്കെത്തിക്കുന്നത്. ചൂളയിൽ നാലു ദിവസം കിടക്കും. ഇത് തൊഴിലാളികൾക്ക് ആകാംക്ഷയുടെ ദിനങ്ങളാണ്. നിർമ്മാണത്തിൽ പാകപ്പിഴയുണ്ടായാൽ നിർമ്മിച്ച സാധനങ്ങൾ പൊട്ടും.അത് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കും. മൺപാത്രങ്ങളിൽ ചെറിയ വിള്ളലുകളുണ്ടായാൽ പോലും ഉപഭോക്താക്കളത് സ്വീകരിക്കില്ല. മൺപാത്രനിർമ്മാണത്തിനാവശ്യമായ കളിമണ്ണ് ഒരുകാലത്ത് തിരുവനന്തപുരം ചെങ്കൽച്ചൂളയിൽ നിന്നാണ് ലഭിച്ചിരുന്നത്. അവിടെ വീടുകൾ നിരന്നതോടെ കളിമണ്ണിന്റെ ലഭ്യതയും കുറഞ്ഞു. മേഖലയിൽ പല കുടുംബങ്ങളെയും മൺപാത്ര നിർമ്മാണ തൊഴിലിൽ നിന്ന് പിന്തിരിപ്പിക്കാനിത് കാരണമായി. ഇന്ന് ആരും തന്നെ ഈ മേഖലയിൽ മൺപാത്രങ്ങൾ നിർമ്മിക്കാത്ത അവസ്ഥയാണ്.
വില്പന കുറഞ്ഞു
മൺപാത്ര വിപണിയിലും കടുത്ത പ്രതിസന്ധിയുണ്ടായതോടെ വില്പന കുറഞ്ഞു. ഈ മേഖലയിൽ ഏതാനും കുടുംബങ്ങൾ മാത്രമാണ് കുലത്തൊഴിലിനോടുള്ള സ്നേഹം കൊണ്ട് മൺപാത്ര വ്യാപാരം നടത്തിവരുന്നത്. തമിഴ്നാട്ടിൽ നിന്നാണിപ്പോൾ മൺപാത്രങ്ങൾ കൂടുതലുമെത്തുന്നത്.
ആഡംബര വസ്തുക്കളുടെ കൂടെ
കളിമൺ പാത്രങ്ങളിന്ന് ആഡംബര വസ്തുവായി മാറിക്കഴിഞ്ഞു. മീൻകറികൾ മൺപാത്രങ്ങളിൽ തയാറാക്കിയാൽ രുചി കൂടുമെന്ന പഴമക്കാരുടെ വിശ്വാസമാണ് മൺചട്ടിക്ക് പ്രിയമേറുന്നത്. വിപണിയിൽ കറുത്ത നിറത്തിൽ ലഭിക്കുന്ന മൺചട്ടി ആലപ്പുഴയിൽ നിന്നാണ് വരുന്നത്. ഒരുകാലത്ത് കായിക്കുടുക്ക മുതൽ വലിയ മൺകലങ്ങൾ വരെ വിപണിയിലുണ്ടായിരുന്നത് ഇന്നെല്ലാം കാണാമറയത്തായി.
ജോലിക്കാരില്ല
കളിമണ്ണ് ലഭിച്ചാൽ നിർമ്മിക്കാൻ ജോലിക്കാരെ കിട്ടില്ല. കുലത്തൊഴിൽ കൊണ്ട് നേടിയ വേളാർക്കുടിയെന്ന പേരുപോലുമിന്ന് കേൾക്കാനില്ല. നിലവിൽ എ.സി.എ.സി നഗർ എന്ന് ആറ്റിങ്ങൽ നഗരസഭ പേരു മാറ്റിയെങ്കിലും ഇപ്പോഴും അറിയപ്പെടുന്നത് വേളാർക്കുടി എന്നുതന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |