തിരുവനന്തപുരം: വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രൻ തമിഴ്നാട്ടിൽ നടത്തിയ മൂന്ന് കൊലപാതകങ്ങൾ മനസാക്ഷിയെ മരവിപ്പിക്കുന്നവയാണ്. തിരുനെൽവേലി കാവൽ കിണറിലെ കസ്റ്റംസ് ഓഫീസർ സുബ്ബയ്യയെയും ഭാര്യ വാസന്തിയെയും വളർത്തുമകൾ അഭിശ്രീയെയുമാണ് 2014ൽ കൊന്നുതള്ളിയത്.
സുബ്ബയ്യയുടെ അയൽവാസിയായിരുന്ന രാജേന്ദ്രൻ വിശ്വസ്തനായ വീട്ടുജോലിക്കാരനായി ഇവരുടെ വീട്ടിൽ കയറിപ്പറ്റി.നെല്ലുണക്കാനും തേങ്ങ പൊതിക്കാനുമെല്ലാം രാജേന്ദ്രനെ ഏല്പിച്ചു. സുബ്ബയ്യയുടെ വീടിന്റെ നിലവറയിൽ ധാരാളം സ്വർണാഭരണങ്ങളും പണവും സൂക്ഷിച്ചിട്ടുണ്ടെന്ന് രാജേന്ദ്രൻ കരുതി. ഇതിനുവേണ്ടിയായിരുന്നു കൊലപാതകങ്ങൾ.
2014 ഡിസംബർ 19ന് രാജേന്ദ്രൻ സുബ്ബയ്യയെ ഫോണിൽ വിളിച്ച് തനിക്ക് ഓഹരി വ്യാപാരത്തിലൂടെ 35ലക്ഷം രൂപ കിട്ടിയെന്നും സുബ്ബയ്യയുടെ വീട്ടിൽ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് കമ്മിഷൻ നൽകാമെന്നും വാഗ്ദാനം ചെയ്തു. വൈകിട്ട് തിരുനെൽവേലിയിലെ ഓഫീസിൽ നിന്ന് ഇറങ്ങിയ സുബ്ബയ്യയെ സ്കൂട്ടറിൽ കൂട്ടാനെത്തിയ രാജേന്ദ്രൻ, കണ്ണപ്പനല്ലൂർ റോഡിലെ വിജനമായ സ്ഥലത്തെത്തിയപ്പോൾ സോക്‌സിൽ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് സുബ്ബയ്യയുടെ കഴുത്തറുത്തു. ശേഷം കത്തികൊണ്ട് കുത്തിയും വെട്ടിയും ദാരുണമായി കൊലപ്പെടുത്തി. സുബ്ബയ്യയുടെ മോതിരവും ഫോണും കവർന്നശേഷം മൃതദേഹം കുറ്റിക്കാട്ടിലൊളിപ്പിച്ചു.തുടർന്ന് സുബ്ബയ്യയുടെ സ്കൂട്ടറുമായി വീട്ടിലെത്തി.സുബ്ബയ്യയുടെ ഫോണിൽ നിന്ന് ഭാര്യയെ വിളിച്ച് 35ലക്ഷം രൂപയുമായി താൻ വരുന്നുണ്ടെന്നും മുൻവാതിൽ തുറന്നിടാനും പറഞ്ഞു.
അഭിശ്രീയെ വെള്ളമെടുക്കാൻ അകത്തേക്ക് വിട്ടശേഷം വാസന്തിയെ കൊലപ്പെടുത്തി. പിന്നാലെ അഭിശ്രീയെയും കൊലപ്പെടുത്തി. ഒരേ കത്തി കൊണ്ടായിരുന്നു മൂന്ന് കൊലപാതകങ്ങളും. വീട്ടിൽ കയറി 93പവൻ ആഭരണങ്ങൾ കവർന്ന ശേഷം സുബ്ബയ്യയുടെ സ്കൂട്ടറിൽ തന്നെ രക്ഷപ്പെട്ടു. പിറ്റേന്ന് സുബ്ബയ്യയുടെ സഹോദരന്റെ മകൾ മണിമേഖലയാണ് കൊലപാതകവിവരം പുറത്തറിയിച്ചത്. തടിച്ചുകൂടിയ നാട്ടുകാർക്കൊപ്പം രാജേന്ദ്രനുമുണ്ടായിരുന്നു. 7ദിവസം കഴിഞ്ഞാണ് സുബ്ബയ്യയുടെ മൃതദേഹം കണ്ടെത്താനായത്. തമിഴ്നാട് പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ കുറ്റപത്രം നൽകുന്നത് വൈകിയതിനാൽ രാജേന്ദ്രന് ജാമ്യം കിട്ടി പുറത്തിറങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |