തിരുവനന്തപുരം : തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും കന്യാകുമാരി ചിന്നമുട്ടം ശൃംഗാരവേലൻ കോളനി സ്വദേശിയുമായ കനിഷ്‌കനെ വെട്ടി നുറുക്കി കഷ്ണങ്ങളാക്കി ശരീരഭാഗങ്ങൾ നഗരത്തിൽ വിവിധ ഇടങ്ങളിലായി ഉപേക്ഷിച്ച കേസിൽ രണ്ട് പ്രതികളെയും കോടതി വെറുതെ വിട്ടു. ആറാം അഡിഷണൽ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് പ്രതികളെ വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്. കൊലനടത്തിയത് പ്രതികളാണോയെന്നും അതിന് തക്ക ഡിജിറ്റൽ ഫോറൻസിക്ക് തെളിവുകൾ നിരത്തുന്നതിനും പ്രോസിക്യൂഷൻ പരാജയപ്പെട്ടു
മുട്ടത്തറ പൊന്നറപാലത്തിന് സമീപം ബംഗ്ലാദേശ് കോളനി സ്വദേശികളായ മനു എന്ന രമേഷ്, സുഹൃത്ത് ഷെഹീൻഷാ എന്നിവരാണ് കേസിലെ പ്രതികൾ. 2022 ആഗസ്റ്റ് 15 നാണ് മുട്ടത്തറയിൽ കനിഷ്‌കനെ കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ട അജിത്തിന്റെ സംഘാംഗങ്ങളായിരുന്നു മനുവും കനിഷ്‌കനും. തമിഴ്നാട് കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവർത്തനവും മയക്കുമരുന്ന് കച്ചവടവും നടത്തി വന്ന മനുവിന് നാട്ടിൽ കേസുകൾ ഒന്നും ഉണ്ടായിരുന്നില്ല. തമിഴ്നാട്ടിൽ കോടതി വിചാരണക്കിടെ കോടതിക്കുള്ളിൽ കയറി പ്രതിയെ വെട്ടി കൊലപ്പെടുത്തിക്കൊണ്ടാണ് കനിഷ്‌കൻ ഗുണ്ടാ നേതാവ് ആയത്. കനിഷ്‌കനും മനുവും തമ്മിൽ മയക്ക്മരുന്ന് വ്യാപാര ഇടപാടിനെ സംബന്ധിച്ച് ഉണ്ടായ തർക്കത്തിനൊടുവിൽ തെറ്റി പിരിഞ്ഞിരുന്നു. തുടർന്ന് തമിഴ്നാട്ടിലേക്ക് കടക്കാൻ കഴിയാതിരുന്ന മനു മറ്റൊരാളുടെ സഹായത്താൽ പ്രശ്നങ്ങൾ തീർക്കാമെന്നു പറഞ്ഞാണ് കനിഷ്‌കനെ മുട്ടത്തറയിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്. ശേഷം സൂഹൃത്തും ഇറച്ചി വെട്ടുകാരനുമായ ഷെഹീൻ ഷായുടെ സഹായത്താൽ ശരീരം നാലായി മുറിച്ച് തല ശംഖുംമുഖം കടലിലും മറ്റ് ഭാഗങ്ങൾ സ്വീവേജ് ഫാമിലും ഉപേക്ഷിച്ചിരുന്നു. ഇതിൽ കാൽപ്പാദവും തുടഭാഗവും മാത്രമാണ് കണ്ടെത്താനായത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ സാൻടി ജോർജ്, പി. അശോക് കുമാർ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |