തിരുവനന്തപുരം: വഞ്ചിയൂരിലെ ജില്ലാ കോടതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വീണ്ടും ഇ മെയിൽ ഭീഷണി. വൈകിട്ട് സ്‌ഫോടനം നടക്കുമെന്ന് കോടതിയുടെ ഔദ്യോഗിക മെയിലിൽ ഇന്നലെ രാവിലെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇക്കാര്യം പൊലീസിൽ അറിയിച്ചതോടെ ജീവനക്കാരെ ഒഴിപ്പിക്കുകയും വ്യാപക പരിശോധന നടത്തുകയും ചെയ്തു. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവർ കോടതിയും പരിസരവും അരിച്ചുപെറുക്കി പരിശോധിച്ചു. എന്നാൽ യാതൊന്നും കണ്ടെത്താനായില്ല. രാവിലെ വന്ന ഭീഷണി സന്ദേശം ഉച്ചയോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉദ്ദേശം രണ്ട് മണിക്കൂറോളം കോടതിയുടെ പ്രവർത്തനം തടസപ്പെട്ടു. സമീർ അലി ബുഹാരി എന്ന അക്കൗണ്ടിൽ നിന്നാണ് സന്ദേശമെത്തിയത്.
തമിഴ്നാട്ടിലെ എ.ഐ.ഡി.എം.കെ നേതാവ് എടപ്പാടി ടി. പളനിസാമിയെ കൊലപ്പെടുത്തുന്നതിന് മുന്നോടിയായുള്ള ആക്രമണമെന്നായിരുന്നുസന്ദേശം. ഇക്കഴിഞ്ഞ 15നും ബോംബ് ഭീഷണി ഉണ്ടായിരുന്നു. അന്ന് ഇമെയിൽ വന്നത് അബിദ ഉദയനിധി എന്ന അക്കൗണ്ടിൽ നിന്നായിരുന്നു. ജാഫർസെയ്ദ് സേട്ടിനെതിരായ അന്വേഷണം മരവിപ്പിക്കാൻ എടപ്പാടി പളനിസാമിയെ കൊലപ്പെടുത്തുമെന്നായിരുന്നു അന്നത്തെ സന്ദേശം.
ആദ്യ ഭീഷണി സന്ദേശമെത്തിയ ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താൻ വി.പി.എൻ വിലാസം ആവശ്യപ്പെട്ട് മൈക്രോ സോഫ്റ്റിന് സൈബർ ക്രൈം പൊലീസ് ഇ മെയിൽ അയച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ വിവിധ സർക്കാർ ഓഫീസുകളിൽ വ്യാജ ബോംബ് ഭീഷണികളുമായി ബന്ധപ്പെട്ട് 5 കേസുകളാണ് സൈബർ ക്രൈം പൊലീസ് രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ രണ്ടെണ്ണത്തിൽ മാത്രമേ മൈക്രോസോഫ്റ്റിൽ നിന്നും മറുപടി ലഭിച്ചിട്ടുള്ളു. കളക്ടറേറ്റിൽ ബോംബ് ഭീഷണി അയച്ച രണ്ടു മെയിലുകളിൽ ഒന്ന് സ്വീഡനിൽ നിന്നും മറ്റൊന്ന് അമേരിക്കയിൽ നിന്നാണെന്നും മൈക്രോസോഫ്റ്റ് രേഖാമൂലം അറിയിച്ചു. എന്നാൽ ഈ രാജ്യങ്ങളുടെ അനുമതിയില്ലാതെ വി.പി.എൻ വിലാസം നൽകാനാകില്ലെന്നും മൈക്രോസോഫ്റ്റ് അധികൃതർ മറുപടി നൽകിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |