തിരുവനന്തപുരം: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ തലസ്ഥാന മെട്രോയുടെ ഫയലിന് ജീവൻ വയ്ക്കുന്നു.മെട്രോ അലൈൻമെന്റ് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ചു.ഈ ആഴ്ച യോഗം ചേരും.സർക്കാരിന്റെ നാലാം വാർഷികാഘോഷം നടക്കുന്നതിനാൽ യോഗ തീയതി തീരുമാനിച്ചിട്ടില്ല.
എങ്കിലും ഈ ആഴ്ച കൃത്യമായി യോഗം ചേരുമെന്നാണ് അറിയിപ്പ്.മെട്രോ റെയിലിന്റെ പ്രാരംഭഘട്ട നടപടികൾ 2026ൽ ആരംഭിക്കുമെന്ന മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് അലൈൻമെന്റ് തീരുമാനിക്കുന്നതിൽ ചർച്ച നടത്തുന്നത്.ചർച്ചയിൽ അലൈൻമെന്റ് തീരുമാനമായാൽ ഡി.പി.ആർ തയ്യാറാക്കി മന്ത്രിസഭ അംഗീകാരത്തിന് വിടും.
ആദ്യ ആലോചനകളിൽ ലൈറ്റ് മെട്രോ സാദ്ധ്യതയായിരുന്നു പരിശോധിച്ചിരുന്നത്.എന്നാൽ, തലസ്ഥാനത്തെ യാത്രക്കാരുടെ എണ്ണവും ആവശ്യവും പരിഗണിച്ചാണ് കൊച്ചിയിലേതിന് സമാനമായ മെട്രോ നിർമ്മാണം നിശ്ചയിച്ചത്.
മൂന്ന് അലൈൻമെന്റുകൾ
തലസ്ഥാന മെട്രോയുടെ മൂന്ന് അലൈൻമെന്റുകൾ സർക്കാരിനു മുന്നിൽ കെ.എം.ആർ.എൽ സമർപ്പിച്ചിട്ടുണ്ട്.അലൈൻമെന്റ് അംഗീകരിച്ച് ഡി.പി.ആർ തയ്യാറാക്കും.ശേഷം മന്ത്രിസഭാ അനുമതിയും ലഭിച്ചിട്ട് മാത്രമേ അംഗീകാരത്തിനായി കേന്ദ്രത്തെ സമീപിക്കാൻ കഴിയൂ.
മുൻഗണന ഐ.ടി നഗരത്തിലേക്ക്
തലസ്ഥാന നഗരത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന ഐ.ടി നഗരമായ കഴക്കൂട്ടത്തേക്കുള്ള റൂട്ടിനാണ് കൂടുതൽ മുൻഗണന. ഇത് പ്രാവർത്തികമാക്കണമെന്നാണ് ശുപാർശ.എന്നാൽ ദേശീയപാത,എലിവേറ്റഡ് ഹൈവേ കടന്നുപോകുന്ന സ്ഥലങ്ങളിലെ സാങ്കേതിക പ്രശ്നങ്ങൾ ഈ റൂട്ടിൽ പരിഹരിക്കേണ്ടതുണ്ട്.
റൂട്ട്
@ടെക്‌നോപാർക്ക് – കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് – ഉള്ളൂർ – മെഡിക്കൽ കോളേജ് – മുറിഞ്ഞപാലം – പട്ടം – പി.എം.ജി – നിയമസഭയ്ക്കു മുന്നിലൂടെ പാളയം – ബേക്കറി ജംഗ്ഷൻ – തമ്പാനൂർ സെൻട്രൽ ബസ് ഡിപ്പോ – തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ – പുത്തരിക്കണ്ടം മൈതാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |