പാറശാല: ദേശീയപാത 47 എന്ന പദവി നൽകി കേരളത്തിന്റെ അതിർത്തി വരെയെത്തി നിലനിൽക്കുന്ന കാരോട്-കഴക്കൂട്ടം ബൈപ്പാസ് റോഡ് ലഹരി കടത്ത് ഉൾപ്പെടെയുള്ള മാഫിയാസംഘങ്ങളുടെ പ്രവർത്തന മേഖലയായി തുടരുന്നു. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് കളിയിക്കാവിള-കരമന റോഡിലെ തിരക്കിൽപ്പെടാതിരിക്കാൻ അതിർത്തി റോഡ് വഴി ചെങ്കവിളയിൽ എത്തിയ ശേഷം ബൈപ്പാസിന്റെ ഭാഗമായി നിർമ്മിച്ചിട്ടുള്ള സർവ്വീസ് റോഡ് വഴി ബൈപ്പാസിലെത്തി യാത്ര തുടരുകയാണ് പതിവ്. ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇപ്പോൾ ബൈപ്പാസ് റോഡിലൂടെയാണ് യാത്ര തുടരുന്നത്.
കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ, ജി.എസ്.ടി വെട്ടിച്ചുള്ള സാധനങ്ങൾ, കുഴൽപ്പണം തുടങ്ങി മറ്റ് നിരവധി അനധികൃത വസ്തുക്കൾ ഉൾപ്പെടെ കടത്തുന്ന മാഫിയാ സംഘങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ബൈപ്പാസ് റോഡ്. ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനായി വേണ്ടത്ര ക്യാമറ സംവിധാങ്ങളോ, സ്ഥിരമായ വാഹന പരിശോധനാ സംവിധാനങ്ങളോ ഇല്ല. മാത്രമല്ല കസ്റ്റംസ്, എക്സൈസ്, ആർ.ടി.ഒ, പൊലീസ് അധികൃതരെ പരിശോധനയ്ക്കായി ചുമതലപ്പെടുത്തിയിട്ടുമില്ല. കാരോട്-കഴക്കൂട്ടം ബൈപ്പാസ് റോഡിലൂടെയുള്ള മാഫിയാസംഘങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അധികൃതർ നടപടികൾ കൈക്കൊള്ളണമെന്നാണ് പരിസരവാസികളുടെ ആവശ്യം.
തെരുവ് വിളക്കുകളുമില്ല
ബൈപ്പാസ് റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ സന്ധ്യ കഴിഞ്ഞാൽ കടത്തുകാർക്ക് അനുഗ്രഹമായി മാറുന്ന അവസ്ഥയാണ്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് അതിർത്തി വഴി വൻതോതിൽ ലഹരിക്കടത്ത് തുടരുകയാണ്. നേരത്തെ കിട്ടിയ സന്ദേശങ്ങളെ തുടർന്ന് പൊലീസിന് ലഹരി വസ്തുക്കളുടെ വൻശേഖരവും പിടികൂടാനായിട്ടുണ്ട്.
ലഹരിയുടെ ഒഴുക്ക്
കഴിഞ്ഞ ആറ് മാസങ്ങൾക്കുള്ളിൽ പാറശാല, പൊഴിയൂർ, പൂവാർ സ്റ്റേഷനുകളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നൂറ് കിലോയോളം കഞ്ചാവും അറുപത് ഗ്രാമോളം എം.ഡി.എം.എം.എയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പൊഴിയൂർ സ്റ്റേഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിലൂടെ ലഹരി വസ്തുക്കളുമായെത്തിയ നിരവധിപേരെ പിടികൂടിയിട്ടുണ്ട്. ഇതിൽ ബാംഗളൂരുവിൽ നിന്നും രണ്ട് ദിവസങ്ങളിലായി കാറുകളിൽ കടത്തിക്കൊണ്ടുവന്ന 50 കിലോ കഞ്ചാവും, 50 ഗ്രാം എം.ഡി.എം.എം.എയും ചെങ്കവിളയ്ക്കു സമീപം ബൈപ്പാസ് റോഡിലേക്ക് എത്തുമ്പോൾ പൊലീസ് പിടിച്ചെടുത്തിരുന്നു.
ബൈപ്പാസ് റോഡിലൂടെ വാഹനങ്ങളിൽ ലഹരിവസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ കടത്ത് തടയുന്നതിനായി പ്രത്യേക സംവിധാനമില്ലെങ്കിലും അതിർത്തി സ്റ്റേഷനുകളുടെ നേതൃത്വത്തിൽ എക്സൈസുമായി സഹകരിച്ച് വാഹന പരിശോധന നടത്തുന്നുണ്ട്. ബാംഗളൂരിൽ നിന്നും കാറുകളിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവും എം.ഡി.എം.എം.എയും ചെങ്കവിളക്ക് സമീപം പൊലീസ് പിടിച്ചെടുത്തത് ജില്ലയിലെ ഈ വർഷത്തെ ലഹരിക്കെതിരെയുള്ള പൊലീസിന്റെ പ്രധാന നടപടികളിൽ ഒന്നാണ്.
എസ്.ഷാജി, ഡിവൈ.എസ്.പി, നെയ്യാറ്റിൻകര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |