ബാലരാമപുരം: എക്സൈസ് ഉദ്യോഗസ്ഥനെ വഴിയിൽ തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കഞ്ചാവ് കേസ് പ്രതിക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. വഴിമുക്ക് പച്ചിക്കോട് സ്വദേശി അൽത്താഫിനെതിരെയാണ് നടപടി.
എക്സൈസ് തിരുപുറം റേഞ്ചിലെ ഉദ്യോഗസ്ഥൻ അഖിലിനെയാണ് കാറിലെത്തിയ കഞ്ചാവ് മാഫിയാ സംഘം ഭീഷണിപ്പെടുത്തിയത്.
ശനിയാഴ്ച രാത്രി 9.30ഓടെ കമുകിൻകോട് പള്ളിക്ക് സമീപമായിരുന്നു സംഭവം. സിനിമ കണ്ട് ബൈക്കിൽ മടങ്ങിവരികയായിരുന്നു അഖിലിനെ എതിരെ കാറിലെത്തിയ അൽത്താഫും സംഘവും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. അഖിൽ നെയ്യാറ്റിൻകര പൊലീസിനെ വിവരമറിയിച്ചെങ്കിലും അക്രമി സംഘം കടന്നുകളയുകയായിരുന്നു.
സംഭവത്തിന് തലേദിവസം കമുകിൻകോടിന് സമീപത്തുവച്ച് അൽത്താഫിനെ മൂന്നുഗ്രാം കഞ്ചാവ് കൈവശം വച്ചതിന് അഖിലിൽ ഉൾപ്പെട്ട എക്സൈസ് സംഘം പിടികൂടിയിരുന്നു. കേസിൽ ഇയാളെ ജാമ്യം നൽകി വിട്ടയയ്ക്കുകയും ചെയ്‌തു. ഇതിന്റെ വൈരാഗ്യത്തിലാണ് അഖിലിനെ ഭീഷണിപ്പെടുത്തിയത്.
ശനിയാഴ്ച രാത്രി 11ന് പൊലീസ് അൽത്താഫിനെ അന്വേഷിച്ചെത്തിയെങ്കിലും ഇയാൾ വീട്ടിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. അതേസമയം ഭാര്യയും ബന്ധുക്കളും എക്സൈസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്‌തു. വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിമുഴക്കിയെന്ന് കാണിച്ച് അൽത്താഫിന്റെ കുടുംബവും ഡ്യൂട്ടി തടസപ്പെടുത്തിയതിന് എക്സൈസ് വിഭാഗവും ബാലരാമപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഞ്ചാവ് കേസിൽ പിടികൂടിയ അൽത്താഫ് സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നും പൊലീസിന് പരാതി ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |