കാട്ടാക്കട: പൂവച്ചൽ നാടുകാണി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച 110 കിലോ ഭാരമുള്ള ശാസ്താവിന്റെ പഞ്ചലോഹ വിഗ്രഹവും വൈഡൂര്യ കല്ലുകളും കണ്ടെത്തി. മറ്റൊരു മോഷണ ശ്രമത്തിനിടെ മോഷ്ടാക്കളിൽ ഒരാൾ ആര്യൻകോട് പൊലീസിന്റെ പിടിയിലായി. കേസിലെ സഹായിയായ കാട്ടാക്കട അമ്പലത്തിൻകാല പാപ്പനം പ്ലാവിള വീട്ടിൽ സോജൻ(20)ആണ് പിടിയിലായത്. സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചതായും ഇത് മാരായമുട്ടത്ത് ഒരു വീട്ടിൽ ഒളിപ്പിച്ചതായും മൊഴി നൽകിയത്. കേസിലെ പ്രധാന പ്രതി കണ്ടല കരിങ്ങൽ തൊടുവട്ടിപ്പാറ തെക്കേത്തറ പുത്തൻ വീട്ടിൽ പ്രിൻസിനായി(23) പൊലീസ് തിരച്ചിൽ ശക്തമാക്കി.
ഇന്നലെ രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് പ്രധാന ശ്രീകോവിലിന്റെ വാതിൽ തകർത്തനിലയിൽ കണ്ടെത്തിയത്. സമീപത്തെ മുരുകന്റെയും ഗണപതിയുടെയും ശ്രീകോവിലുകളുടെ വാതിലും തകർത്തിരുന്നു. ശാസ്താവിന്റെ വിഗ്രഹം പാറയിടുക്കിലൂടെ അര കിലോമീറ്ററിൽ അധികം ദൂരം വലിച്ചിഴച്ചാണ് കടത്തിക്കൊണ്ടുപോയത്. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ കാട്ടാക്കട പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ ആര്യൻകോട് പ്രദേശത്തെ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷ്ടിക്കുന്നതിനിടെയാണ് സോജൻ ആര്യൻകോട് പൊലീസിന്റെ പിടിയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ കൂടെയുണ്ടായിരുന്ന പ്രിൻസ് സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും ആരോങ്കോട് സ്റ്റേഷൻ പരിധിയിലെ നാല്ക്ഷേത്രങ്ങളിലേയും ഒരു പള്ളിയിലേയും മോഷണം നടത്തിയത് സംഘമാണെന്നും ആര്യങ്കോട് പൊലീസ് പറഞ്ഞു. മോഷണ ഉരുപ്പടികൾ ഉരുക്കാനായി പ്രിൻസിന്റെ വീട്ടിൽ സജീകരിച്ചിട്ടുള്ള ആല പൊലീസ് കണ്ടെത്തി. വിഗ്രഹത്തിന് 20ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |