തിരുവനന്തപുരം: മതിയായ ജീവനക്കാരില്ലാതെ കഴക്കൂട്ടം ശാന്തിതീരം ശ്മശാനത്തിന്റെ പ്രവർത്തനം അവതാളത്തിൽ. കോർപ്പറേഷന് കീഴിലുള്ള ശ്മശാനം ഉദ്ഘാടനം കഴിഞ്ഞ് നാലുമാസമാകുമ്പോഴും പ്രവർത്തനം പൂർണതോതിലായിട്ടില്ല. ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ചാൽ പരമാവധി മൃതദേഹങ്ങൾ ഇവിടെ സംസ്കരിക്കാനാകും. രണ്ട് ഗ്യാസ് ഫർണസുകളാണ് ശാന്തിതീരത്തുള്ളത്. എന്നാൽ 24 മണിക്കൂർ ബുക്കിംഗ് സംവിധാനം പോലും കാര്യക്ഷമമല്ലാത്തതിനാൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. രാത്രിയിൽ വിളിച്ചാൽ ഫോണെടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.
തൈക്കാട് ശാന്തികവാടത്തിൽ 14 ജീവനക്കാരാണുള്ളത്. എന്നാൽ ഇവിടെയുള്ളത് 3പേരും. കുറഞ്ഞത് 8പേരെങ്കിലും എത്തിയാലെ ശാന്തിതീരത്തെ പ്രവർത്തനം മെച്ചപ്പെടു.
വേണ്ട ജീവനക്കാർ
1. ടെലിഫോൺ ഓപ്പറേറ്റർ
2.ബിൽ കൗണ്ടർ സ്റ്റാഫ്
3.സെക്യൂരിറ്റി
4.ശുചീകരണത്തിനുള്ള കുടുംബശ്രീക്കാർ
5. തുമ്പൂർമുഴി ജീവനക്കാർ (ജൈവമാലിന്യങ്ങൾ കമ്പോസ്റ്റാക്കാനും ബിൻപരിപാലനത്തിനും)
നിലവിൽ ബില്ല് കൗണ്ടർ ജീവനക്കാരായി രണ്ടുപേരും ബിൻപരിപാലനത്തിനുള്ള തുമ്പൂർമുഴി ജീവനക്കാരും മാത്രമാണുള്ളത്.
ഫീസ് നിരക്ക്
കോർപ്പറേഷന് പുറത്തുള്ളവർക്ക്..........1600 രൂപ
കോർപ്പറേഷൻ പരിധിയി(ബി.പി.എൽ)...850രൂപ
പരാതികൾ ഏറെ
രാത്രികാലങ്ങളിൽ ഉൾപ്പെടെ ഫോൺവഴി ബുക്കിംഗ് സ്വീകരിക്കാൻ കഴക്കൂട്ടം സോണൽ ഓഫീസിലെ ജീവനക്കാരനെ ചുമതലപ്പെടുത്തിയെങ്കിലും അതും ഫലപ്രദമായിട്ടില്ല. മൃതദേഹവുമായെത്തുമ്പോൾ യഥാസമയം നടപടികൾ പൂർത്തിയാക്കാൻ ആവശ്യമായ ജീവനക്കാർ ശാന്തിതീരത്തില്ലെന്ന പരാതിയും വ്യാപകമാണ്.
പൂർണസജ്ജമായാൽ
കോർപ്പറേഷന് പുറമേ മംഗലപുരം, കഠിനംകുളം, അണ്ടൂർക്കോണം,പോത്തൻകോട്,അഴൂർ,ചിറയിൻകീഴ്,കിളിമാനൂർ പഞ്ചായത്തുകളിലെയും ആറ്റിങ്ങൽ,വർക്കല മുൻസിപ്പാലിറ്റികളിലെയും ആളുകൾക്ക് ഇവിടേക്ക് മൃതദേഹങ്ങളെത്തിക്കാൻ കൂടുതൽ സൗകര്യമാണ്. പൂർണസജ്ജമായാൽ ശരാശരി 16 മൃതദേഹങ്ങൾ ഇവിടെ സംസ്കരിക്കാനാകുമെന്നാണ് കണക്ക്.
ആംബുലൻസും ഫ്രീസറുമില്ല
ശാന്തികവാടത്തിൽ ആംബുലൻസും ഫ്രീസറും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. ശാന്തിതീരത്ത് അത്തരം സംവിധാനങ്ങളില്ല. വാടക കുറവായതിനാൽ ഈ സൗകര്യങ്ങൾ കണക്കിലെടുത്ത് ശാന്തികവാടത്തെ ആശ്രയിക്കുന്നവർ നിരവധിയാണ്. ആംബുലൻസിന് 15കിലോമീറ്റർവരെ 145രൂപയാണ് ശാന്തികവാടത്തെ നിരക്ക്. ഫ്രീസറിന് ഒരുദിവസത്തേക്ക് 1660രൂപയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |