മാതാപിതാക്കളെ എങ്ങനെ കൊന്നുവെന്ന് അറിയില്ലെന്ന് പ്രതി
തിരുവനന്തപുരം:നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലയിൽ ശിക്ഷാവിധി മേയ് ആറിന്.ആറാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വിഷ്ണുവാണ് കേസ് പരിഗണിച്ചത്. ഇന്നലെ കേസിലെ വാദം പൂർത്തിയായിരുന്നു. 2017 ഏപ്രിൽ 8നാണ് നടുക്കിയ കൂട്ട കൊലപാതകം നടന്നത്. കേഡൽ ജിൻസൺ രാജയുടെ മാതാപിതാക്കളെയും സഹോദരിയുടെ ബന്ധുവിനെയുമാണ് കൊലപ്പെടുത്തിയത്. ക്ലിഫ് ഹൗസിനു സമീപത്തെ ബെയ്ൻസ് കോമ്പൗണ്ടിലെ 117-ാം നമ്പർ വീട്ടിലാണ് പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
ജീനിന്റെയും കരോലിന്റെയും മൃതദേഹങ്ങൾ പൂർണമായി കത്തിയമർന്നിരുന്നു. ഇവരുടെ മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രാജയുടെ ശരീരം ഭാഗികമായി കത്തിയിരുന്നു. ശരീരത്തിലെ 9 മുറിവുകളിൽ ഏഴെണ്ണം തലയോട്ടിയിലാണ്. മഴു ഉപയോഗിച്ചു തലയിൽ വെട്ടിയാണു രാജയെ കൊന്നതെന്നാണ് നിഗമനം.
മൊഴിയിലെ വൈരുദ്ധ്യം
എങ്ങനെയാണ് മാതാപിതാക്കൾ മരിച്ചതെന്ന് അറിയില്ലെന്നാണ് കേസിലെ ഏക പ്രതിയായ കേഡൽ ജിൻസ രാജ പറഞ്ഞത്. മാതാപിതാക്കൾ മരിക്കുമ്പോൾ താൻ അലഞ്ഞു തിരിയുകയായിരുന്നുവെന്നും മരണം അറിഞ്ഞാണ് നാട്ടിൽ എത്തിയതെന്നുമാണ് കേഡൽ കോടതിയിൽ പറഞ്ഞത്. തനിക്ക് മാനസിക പ്രശ്നങ്ങൾ അപ്പോൾ ഉണ്ടായിരുന്നില്ലെന്നും കേഡൽ പറഞ്ഞു. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു.
ആസ്ട്രൽ പ്രോജക്ഷൻ
ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ആസ്ട്രൽ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. അതേസമയം, കേഡലിന് മാനസികപ്രശ്നമുണ്ടെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്.
കേഡൽ ഇപ്പോഴും പൂജപ്പുര സെൻട്രൽ ജയിലിലാണ്.
പത്തുവർഷത്തിലേറെയായി കുടുംബാംഗങ്ങൾ അറിയാതെ കേഡൽ, സാത്താൻ സേവ നടത്തിയിരുന്നു. ഇന്റർനെറ്റിലൂടെയാണ് കേഡൽ ആസ്ട്രൽ പ്രൊജക്ഷനിൽ അറിവ് നേടിയത്.നേരത്തേ പ്രതിക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമില്ലെന്ന് മെഡിക്കൽ ബോർഡ് ശുപാർശ ചെയ്തതിനാൽ കേസിൽ തുടർനടപടികൾ വൈകിയിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ദിലീപ് സത്യൻ,റിയ ലൂയിസ്,നിഥിൻ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |