തിരുവനന്തപുരം: ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ കുട്ടിക്കൂട്ടത്തിന്റെ സൂംബാ ചുവടുകൾ ആസ്വദിക്കാൻ മന്ത്രി വി.ശിവൻകുട്ടിയെത്തി. ആയിരത്തിയഞ്ഞൂറോളം കുട്ടികളുടെ ആരവവും സുംബാ നൃത്തവും ആസ്വദിക്കുന്നതിനായി ഇന്നലെ വൈകിട്ടാണ് മന്ത്രി സ്റ്റേഡിയത്തിലെത്തിയത്.കുട്ടികൾക്ക് അരികിലെത്തിയ അദ്ദേഹം പത്ത് മിനിറ്റിലേറെ ഗ്രൗണ്ടിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. മഴക്കാറ് നിറഞ്ഞ ആകാശം റിഹേഴ്സലിന് ചെറിയ വെല്ലുവിളിയായിരുന്നെങ്കിലും മന്ത്രിയെത്തുന്നതിന്റെ ആവേശത്തിലായിരുന്നു കുട്ടികൾ.
പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്,ഡി.ഡി.ഇ സുബിൻ പോൾ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സ്കൂളുകളിൽ എല്ലാ കായികയിനങ്ങളും കുട്ടികളെ പഠിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. കായിക ഇനങ്ങൾക്കായി നിശ്ചയിച്ച പീരിയഡിൽ അതുതന്നെ പഠിപ്പിക്കണമെന്ന് സ്കൂളുകൾക്ക് കർശന നിർദ്ദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനത്തിന്റെ ആദ്യ പരിപാടിയായ മെഗാ സുംബാ ഡിസ്‌പ്ളേ നാളെ വൈകിട്ട് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനാകും.സ്‌കൂൾ കുട്ടികളിലെ അക്രമവാസനയും ലഹരിയുടെ ഉപയോഗവും ഇല്ലാതാക്കുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപാടി സ്‌കൂളുകളിൽ നടപ്പിലാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്നാണ് സ്‌കൂളുകളിൽ കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുമിച്ച് പങ്കെടുക്കാനാവുന്ന സുംബാ, ഏറോബിക്സ്, യോഗ തുടങ്ങിയവ നടപ്പിലാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |