കൊച്ചി: രണ്ടിനം കഞ്ചാവു ചെടികൾ ബഡ് ചെയ്ത് വീര്യം കൂടിയത് ഉത്പാദിപ്പിക്കുന്നതോടെ ഹൈബ്രിഡ് കഞ്ചാവായി. കനാബീസ് സെറ്റൈവ എന്ന ഇനം ചിന്തയെ സ്വാധീനിക്കുന്നതാണ്, ശരീരത്തെ ഉത്തേജിപ്പിക്കുന്നതാണ് കനാബീസ് ഇൻഡിക്ക. ഈ ഇനങ്ങളെ ഒന്നാക്കിയാൽ ഉയർന്ന വീര്യമുള്ള (ടെട്രാ ഹൈഡ്രോ കനാബീസ്- ടി.എച്ച്.സി) കനാബീസ് ഇനം ലഭിക്കും.
എം.ഡി.എം.എ 0.5ഗ്രാം കൈവശംവച്ചാൽ ജയിലിൽ പോകുമെങ്കിലും അതേവീര്യമുള്ള ഹൈബ്രിഡ് കഞ്ചാവ് ഒരുകിലോയിൽ താഴെ സൂക്ഷിച്ചാൽപ്പോലും ജാമ്യം കിട്ടും. അതാണ് ഇതിന് ആവശ്യക്കാർ കൂടാൻ കാരണം
1970ന്റെ തുടക്കത്തിൽ അമേരിക്കയിലാണ് ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് വളർത്തിയതെന്നാണ് റിപ്പോർട്ട്. പിന്നീട് വ്യാപകമായി.
തായ്‌ലാൻഡ്, മലേഷ്യ, സിംഗപ്പൂർ തുടങ്ങി കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് വൻതോതിൽ ഉത്പദിപ്പിക്കുന്നത്. പ്രത്യേകമായി സജ്ജീകരിച്ച സ്ഥലങ്ങളിലാണ് കൃഷി. കേരളത്തിൽ രാസലഹരിവേട്ട വ്യാപകമായതോടെയാണ് ഹൈബ്രിഡ് കഞ്ചാവിന്റെ സാന്നിദ്ധ്യം കൂടിയത്.
കഴിഞ്ഞവർഷം ജൂലായിൽ കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതോടെയാണ് ഇക്കാര്യം എക്‌സൈസിന്റെ ശ്രദ്ധയിൽപ്പെട്ടത്. കൊച്ചിയിലും മറ്റു നഗരങ്ങളിലും വില്പന വ്യാപകമാണെന്ന് കണ്ടെത്തി. ഒരു ഗ്രാമിന് 4,000 മുതൽ 6,000 രൂപവരെയാണ് വില. സമ്പന്നരെ ലക്ഷ്യമിട്ടാണ് ഇടപാടെങ്കിലും യുവാക്കളും ആകൃഷ്ടരായിട്ടുണ്ടെന്ന് എക്‌സൈസ് വൃത്തങ്ങൾ പറയുന്നു.
#വീര്യത്തിൽ മുന്നിൽ
നീലച്ചടയൻ
ഹൈബ്രിഡ് കഞ്ചാവിനോളം ടി.എച്ച്.സിയുള്ള കഞ്ചാവ് ഇനമാണ് ഇടുക്കിയിലെ നീലച്ചടയൻ. കാലാവസ്ഥ, മണ്ണ് എന്നിവയാണ് നീലച്ചടയൻ ടി.എച്ച്.സി ഉയരാൻ കാരണം. പരിശോധനയും നിരീക്ഷണവുംശക്തമായതിനാൽ കാടുകയറിയുള്ള കഞ്ചാവ് കൃഷിപോലും ഇപ്പോഴില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |