തിരുവനന്തപുരം: പത്തുദിവസമായി കനകക്കുന്നിൽ നടന്ന സഹകരണ എക്സ്പോ സമാപിച്ചു.പരിപാടിയിലൂടെ സഹകരണ മേഖലയുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധവും നൂതന ആശയപ്രപഞ്ചവും തുറന്നു കിട്ടിയിരിക്കുകയാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.വായ്പാ വിതരണത്തിനും നിക്ഷേപ സ്വീകരണത്തിനും അപ്പുറം സഹകരണ മേഖല ആരോഗ്യ,വിദ്യാഭ്യാസ,ഭവനനിർമ്മാണ,കാർഷിക,വ്യവസായ,വിവര സാങ്കേതികവിദ്യയിൽ വരെ വ്യാപിച്ചു കിടക്കുന്നതാണ് സഹകരണ മേഖലയെന്ന് സാധാരണ ജനങ്ങൾക്ക് മനസിലാക്കാൻ എക്സ്പോയിലൂടെ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ സഹകരണ മേഖലയുടെ വൈവിദ്ധ്യം തന്നെ അതിശയിപ്പിച്ചതായും ഭാരതത്തിന് അത് മാതൃകയാണെന്നും ചടങ്ങിൽ മുഖ്യതിഥിയായ ആർ.ബി.ഐ സെൻട്രൽ ബോർഡ് ഡയറക്ടർ സതീഷ് കെ.മറാത്തെ അഭിപ്രായപ്പെട്ടു.വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ.വീണാ.എൻ.മാധവൻ,സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിക്കോട് കൃഷ്ണൻനായർ,കൺസ്യൂമർഫെഡ് ചെയർമാൻ പി.എം.ഇസ്മയിൽ,സഹകരണ സംഘം രജിസ്ട്രാർ ഡോ.ഡി.സജിത്ത് ബാബു,കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം.ചാക്കോ എന്നിവർ പങ്കെടുത്തു.എക്സ്പോയുമായി ബന്ധപ്പെട്ട് പ്രിന്റ് മാദ്ധ്യമ പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |