അമ്മയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
നെടുമങ്ങാട്: ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് പോത്തൻകോട് സ്വദേശി സുധീഷിനെ വെട്ടിനുറുക്കി വലതുകാൽ മഴുവിന് മുറിച്ചെടുത്ത കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം.നെടുമങ്ങാട് എസ്.സി/ എസ്.ടി സ്‌പെഷ്യൽ സെഷൻസ് കോടതി ജഡ്ജി എ.ഷാജഹാനാണ് ശിക്ഷ വിധിച്ചത്.ഒരു ലക്ഷം രൂപ സുധീഷിന്റെ അമ്മ ലീലയ്ക്ക് നൽകണം.
പ്രതികളായ മങ്ങാട്ടുമൂല എസ്.എസ് ഭവനിൽ സുധീഷ് ഉണ്ണി (29),മേൽതോന്നയ്ക്കൽ ഒരുക്കോണം ലക്ഷംവീട്ടിൽ മുട്ടായി ശ്യാം എന്ന ശ്യാം (29),അഴൂർ സ്വദേശി ഒട്ടകം രാജേഷ് എന്ന രാജേഷ് (36),ശാസ്തവട്ടം വെയിലൂർ സ്വദേശികളായ നിധീഷ് (24),നന്ദീഷ് (22),കണിയാപുരം സ്വദേശി രഞ്ജിത്ത് (28),കോലിയക്കോട് തയ്ക്കാട് മുളങ്കുന്നത്ത് വീട്ടിൽ ശ്രീനാഥ് നന്ദു (21),മേൽതോന്നയ്ക്കൽ മരനംകുന്ന് വൈ.എം.എ ജംഗ്‌ഷനിൽ സൂരജ് വിഷ്ണു (22),കീഴ്‍തോന്നയ്ക്കൽ മണലകം മലമുകളിൽ ഡമ്മി അരുൺ എന്ന അരുൺ (22),തോന്നയ്ക്കൽ സ്വദേശി വിഷ്ണു പ്രദീപ് (22), മുണ്ടയ്ക്കൽ മാക്കുകോട് സച്ചിൻ (22)എന്നിവരെയാണ് ശിക്ഷിച്ചത്.
കേസിലെ ദൃക്‌സാക്ഷികളുടെ മൊഴിയിലുള്ള വൈരുദ്ധ്യം മുഖവിലയ്‌ക്കെടുക്കണമെന്നും 10,11 പ്രതികൾ കൊലപാതക സ്ഥലത്തുണ്ടായിരുന്നില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.വീട് വെട്ടിപ്പൊളിച്ചുകയറി, കുട്ടികൾ അടക്കമുള്ളവരുടെ മുന്നിലിട്ട് വെട്ടിനുറുക്കി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും ഒന്നും മൂന്നും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നുമുള്ള പ്രോസിക്യൂഷൻ വാദവും നിരസിച്ചു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ ഗവൺമെന്റ് പ്ളീഡർ ഡോ.ടി.ഗീനാകുമാരി ഹാജരായി.
പ്രതികളെ കോടതിയിൽ എത്തിച്ചിരുന്നു.ഉച്ചയ്ക്ക് മൂന്നോടെ കോടതി നടപടികൾ പൂർത്തിയാക്കി ജയിലിലേക്ക് മാറ്റി. അന്വേഷണോദ്യോഗസ്ഥരും സുധീഷിന്റെ അമ്മ ലീലയും പ്രതികളുടെ ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നു.
പ്രതികളെ തൂക്കിലേറ്റണം: സുധീഷിന്റെ അമ്മ
മകനെ ഭാര്യയുടെ സഹോദരനടക്കം ചതിച്ച് കൊന്നതാണെന്നും,മുഴുവൻ പ്രതികളെയും തൂക്കിക്കൊല്ലണമെന്നും ശിക്ഷാവിധി അറിഞ്ഞശേഷം സുധീഷിന്റെ അമ്മ ലീല പ്രതികരിച്ചു.''ചാണകം ചുമന്ന് വളർത്തിയതാണ് മകനെ. എന്റെ ഹൃദയം നീറുന്നതുപോലെ കൊലയാളികളുടെ അമ്മമാരുടെയും സഹോദരിമാരുടെയും ഹൃദയവും നീറണം'.ചുമട്ടുതൊഴിലാളിയായിരുന്നു ലീലയുടെ ഭർത്താവ്. ഒരുവർഷം മുമ്പ് വാഹനമിടിച്ച് മരിച്ചു. ജീവിതത്തിൽ ഒറ്റയ്ക്കായി.സംഭവത്തിനുശേഷം രാത്രികാലത്ത് വീടിനുനേരെ കല്ലേറ് പതിവാണെന്നും ലീല പറഞ്ഞു.
പിന്തുണയുമായി ഗുണ്ടാപ്പട കോടതിയിലും
കോടതിയിലെത്തിച്ച പ്രതികൾക്ക് പിന്തുണയുമായി എത്തിയ ഗുണ്ടാപ്പടയെ പൊലീസ് പിടികൂടി.നെടുമങ്ങാട് എസ്.എച്ച്.ഒ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഏഴംഗ സംഘത്തെ പിടികൂടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സംഘം നെടുമങ്ങാട് എത്തിയത്.ഇവരിൽ മൂന്നുപേർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി കരുതൽ തടങ്കലിൽ പാർപ്പിച്ച ഇവരെ വൈകിട്ട് വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |