വർക്കല: അശ്രദ്ധയും അമിതവേഗതയും മൂലം ചെറുതും വലുതുമായ വാഹനാപകടങ്ങളുടെ എണ്ണത്തിൽ വൻവർദ്ധനയാണ് വർക്കലയിൽ. അമിതവേഗത മൂലം റോഡിൽ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ മാറ്റമുണ്ടാകേണ്ടതുണ്ട്. കാറ്റിനെ തോൽപ്പിക്കും വേഗത്തിൽ സഞ്ചരിക്കുന്ന യുവാക്കളാണ് മിക്കപ്പോഴും അപകടങ്ങൾക്ക് ഇടവരുത്തുന്നത്. സ്വകാര്യബസുകളുടെ മത്സരയോട്ടവും അമിത വേഗതയും അപകടങ്ങൾക്ക് വഴിവയ്ക്കുന്നു. ഹരിഹരപുരം റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇക്കഴിഞ്ഞ 21ന് ഇലകമൺ ഹരിഹരപുരം അഞ്ചുമൂർത്തി ക്ഷേത്ര ബസ്‌സ്റ്റോപ്പിൽ നിന്ന് പാരിപ്പള്ളി -ഹരിഹരപുരം- കൊല്ലം റൂട്ടിൽ ഓടുന്ന സ്വകാര്യബസ് ഡ്രൈവറുടെ അശ്രദ്ധ കാരണം ഡേവിഡ് എന്ന 65കാരൻ ബസിൽ നിന്നു തെറിച്ചുവീണ് അപകടം സംഭവിച്ചിരുന്നു. ഇയാൾ ബസിനുള്ളിൽ കയറുന്നതിന് മുന്നേ കണ്ടക്ടർ ബെല്ലടിക്കുകയും ഡോർ അടയുന്നതിന് മുന്നേ ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയും ചെയ്തതോടെ ഡേവിഡ് നിലതെറ്റി റോഡിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ച കണ്ടക്ടർ മുങ്ങിയതായി കുടുംബം അയിരൂർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ വർഷം ഏപ്രിലിൽ സ്വകാര്യബസ് കയറിയിറങ്ങി ഒരാളുടെ ജീവൻ ഈ റോഡിൽ നഷ്ടപ്പെട്ടിരുന്നു. ഇത്തരത്തിൽ ഡ്രൈവർമാരുടെ അശ്രദ്ധമൂലം ജീവനെ ഭയന്ന് യാത്രചെയ്യേണ്ട സ്ഥിതിവിശേഷമാണുള്ളത്. ഉച്ചത്തിൽ പാട്ടുകൾ വച്ചാണ് സ്വകാര്യബസുകളുടെ സർവീസെന്നും പരാതിയുണ്ട്. മൈതാനം-വർക്കലക്ഷേത്രം-കുരയ്ക്കണ്ണി റോഡിൽ കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ ഉണ്ടായത് 56ഓളം അപകടങ്ങളാണ്.
ജാഗ്രതയാണ് വേണ്ടത്
അപകടത്തിൽപ്പെടുന്ന സാധാരണക്കാരുടെ അവസ്ഥ വളരെ ദയനീയമാണ്. വാഹനത്തിനും വ്യക്തിക്കും ഇൻഷ്വറൻസ് പരിരക്ഷയില്ലെങ്കിൽ ആശുപത്രി ചെലവിന് പോലും കടം വാങ്ങേണ്ട അവസ്ഥയാണ്. ഒരു നിമിഷത്തെ അശ്രദ്ധകൊണ്ടും അമിതവേഗത്താലും സംഭവിക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ വാഹനവുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രത പുലർത്തണം.
നിയമലംഘനങ്ങൾക്ക് തടയിടണം
ലഹരി ഉപയോഗവും അപകടനിരക്ക് വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. വൈകുന്നേരങ്ങളിലും രാത്രിയിലും ഇതുവഴി ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവർ മറ്റ് വാഹനങ്ങളിലിടിച്ച് അപകടമുണ്ടാക്കുന്നു. വാഹനങ്ങളുടെ രൂപമാറ്റം വരുത്തൽ, ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന തരത്തിൽ സൈലൻസർ ഘടിപ്പിക്കൽ, ഉയർന്ന വെട്ടമുള്ള ഹെഡ്ലൈറ്റുകളുടെ ഉപയോഗം തുടങ്ങി നിയമലംഘനങ്ങൾക്ക് തടയിടേണ്ട കാലം അതിക്രമിച്ചിട്ടും നടപടികളില്ല. പ്രദേശത്തെ റോഡുകളിൽ പേരിനുപോലും വാഹനപരിശോധനയില്ല. ലൈസൻസില്ലാതെ വാഹനവുമായി നിരത്തിലിറങ്ങുന്ന യുവാക്കളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളിൽ ട്രിപ്പിൾ സവാരിക്കാരും നിരവധിയാണ്. 28 വയസിൽ താഴെയുള്ളവരാണ് ഇതിലേറെയും.
കാൽനടയാത്രക്കാരും ഭയക്കുന്നു
കൃത്യമായ പരിശീലനത്തിനും ബോധവത്കരണ ക്ലാസുകൾക്കും ശേഷമാണ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതെങ്കിലും അപകടകരമായ ഡ്രൈവിംഗ് റോഡിൽ ജീവൻ നഷ്ടപ്പെടുംവിധം തുടരുകയാണ്. കാൽനട യാത്രക്കാർപോലും ഭയന്നാണ് യാത്ര ചെയ്യേണ്ടത്. അമിതവേഗത തടയുന്നതിനുള്ള മാർഗങ്ങൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |