ചിറയിൻകീഴ്: മുതലപ്പൊഴിയിൽ ഡ്രഡ്ജിംഗ് ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചും ഉദ്യോഗസ്ഥർ സമയത്ത് എത്തിയില്ലെന്നാരോപിച്ചും മത്സ്യത്തൊഴിലാളികൾ ഹാർബർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയം പൂട്ടി. സുരക്ഷയ്ക്കായി പൊലീസ് എത്തിച്ചിരിക്കുന്ന ബാരിക്കേടുകൾ ചേർത്തുകെട്ടി ഗേറ്റും അടച്ചു. പിന്നാലെ പൊലീസെത്തിയാണ് ഇത് നീക്കം ചെയ്തത്. ഇന്നലെ മുതൽ ചന്ദ്രഗിരി ഡ്രഡ്ജർ ഡ്രഡ്ജിംഗ് നടത്തുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്.ഇതനുസരിച്ച് ഇക്കഴിഞ്ഞ ദിവസം ഡ്രഡ്ജറിന്റെ ട്രയൽ റണ്ണും നടത്തിയിരുന്നു. ഡ്രഡ്ജറിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ട്രയൽ റൺ നടത്തിയെങ്കിലും ഡ്രഡ്ജർ വീണ്ടും പണിമുടക്കുകയായിരുന്നു. തുടർന്നാണ് മത്സ്യത്തൊഴിലാളികൾ പ്രകോപിതരായത്. ഉടൻ ശരിയാക്കുമെന്ന് അധികൃതർ പറയുമ്പോഴും നീളുമോയെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.
ഒരുവശത്ത് അപകടം
മീനുമായെത്തിയ കാരിയർ വള്ളം അഴിമുഖത്തെ മണൽത്തിട്ടയിൽ ഇടിച്ച് മറിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വള്ളം തലകീഴായി മറിയുകയായിരുന്നു. വള്ളത്തിൽ 6 പേരുണ്ടായിരുന്നു. ആർക്കും പരിക്കില്ല. പെരുമാതുറ സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള എച്ച്.ആർ എന്ന വള്ളമാണ് മറിഞ്ഞത്. കടലിൽ മത്സ്യബന്ധനത്തിനിടെ വല പൊട്ടിപ്പോയ താങ്ങുവല വള്ളം കരയ്ക്കെത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ അഴിമുഖത്തെ മണൽത്തിട്ടയിലേക്ക് ഇടിച്ചുകയറി. വൈകിട്ട് നാലരയോടെയാണിത്. ഇടിച്ചുകയറിയ വള്ളം മുക്കാൽ മണിക്കൂറോളം കുടുങ്ങിക്കിടന്നു. മത്സ്യത്തൊഴിലാളികൾ തള്ളി മാറ്റാൻ ശ്രമിച്ചിട്ടും നടക്കാത്തതിനെ തുടർന്ന് എസ്കവേറ്ററിന്റെ സഹായത്തോടെയും വടം കെട്ടി വലിച്ചുമാണ് വള്ളം അഴിമുഖം കടത്തി ഹാർബറിനുള്ളിൽ പ്രവേശിപ്പിച്ചത്. പുതുക്കുറിച്ചി സ്വദേശി ഷാജഹാന്റെ അന്നജാത്ത് എന്ന വള്ളത്തിനും വലയ്ക്കുമായി ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി ഉടമ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |