തിരുവനന്തപുരം: കോളറ അടക്കമുള്ള ജലജന്യ രോഗങ്ങൾ തുടർച്ചയായി സ്ഥിരീകരിക്കുമ്പോഴും ജില്ലയിലെ ജലാശയങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധന പേരിനുമാത്രം. ആരോഗ്യ, ജലവിഭവ, തദ്ദേശവകുപ്പുകൾ പരസ്പരം പഴിചാരി തടിയൂരുന്നതാണ് പ്രശ്നം.
രോഗവ്യാപനമുണ്ടാകുന്ന സ്ഥലങ്ങളിലെ ജലാശയങ്ങളിൽ പോലും വേണ്ട പരിശോധനകൾ നടക്കാറില്ല. അത് ആരോഗ്യവകുപ്പാണ് ചെയ്യേണ്ടതെന്ന് ജലവിഭവ, തദ്ദേശ വകുപ്പുകൾ പറയുമ്പോൾ ജലാശയങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് ജലവിഭവ വകുപ്പാണെന്ന് ആരോഗ്യ വകുപ്പും പറയുന്നു.
കഴിഞ്ഞവർഷം തലസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം പടർന്നതിനെ തുടർന്ന് മൂന്ന് വകുപ്പുകളെ സംയോജിപ്പിച്ച് കുടുംബശ്രീ, ആരോഗ്യപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി പരിശോധന നടത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. പക്ഷെ നടപടിയുണ്ടായില്ല.
അടുത്തിടെ കവടിയാറിൽ 63കാരൻ മരിച്ചത് കോളറ ബാധിച്ചാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടം കേരളത്തിനു പുറത്ത് നിന്നാണെന്നാണ് അധികൃതർ പറയുന്നത്.
പൈപ്പ്‌ലൈനുകളിലൂടെ നൽകുന്ന വെള്ളമാണ് വാട്ടർ അതോറിട്ടിയുടെ ലാബുകളിൽ പരിശോധിക്കുന്നത്. കിണറുകളിലെ വെള്ളം പരിശോധിക്കണമെങ്കിൽ സ്വകാര്യ വ്യക്തികൾ സാമ്പിളെത്തിക്കണം. തോടുകളിലെയും കുളങ്ങളിലെയും വെള്ളം പരിശോധനയ്ക്കായി എത്തിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. രോഗവ്യാപനമുണ്ടാകുന്ന സ്ഥലങ്ങളിലെ കുളങ്ങളിലെയും ജലാശയങ്ങളിലെയും വെള്ളം ആരോഗ്യവകുപ്പും പരിശോധിക്കണം. എന്നാൽ, ഇവയൊന്നും അടിയന്തരഘട്ടങ്ങളിൽ പോലും നടക്കുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ജില്ലയിൽ 8 ലാബുകൾ
1) വെള്ളയമ്പലം ജില്ലാ ലാബ്
2) ഒബ്സർവേറ്ററി ഹിൽസിലെ ഉപജില്ലാ ലാബ്
3) ആഴാകുളത്തെ അതിയന്നൂർ ലാബ്
4) ആറ്റിങ്ങൽ വലിയകുന്നിലെ ചിറയിൻകീഴ് ലാബ്
5) വർക്കല പാലച്ചിറയിലെ ലാബ്
6) അരുവിക്കരയിലെ നെടുമങ്ങാട് ഉപജില്ലാ ലാബ്
7) അരുവിക്കര ജലശുദ്ധീകരണ ശാലകളിലെ ലാബ്
8) ജിക്ക ഉപജില്ലാ ലാബുകൾ
ലാബുകളിൽ പരിശോധിക്കുന്നത്
1) വെള്ളത്തിന്റെ പി.എച്ച് മൂല്യം
2) നിറം, മണം, കലങ്ങൽ
3) രാസവസ്തുക്കളുടെ സാന്നിദ്ധ്യം
4) അമ്ളാംശം, ക്ഷാരാംശം, കാഠിന്യം
5) ഇരുമ്പിന്റെയും ഫ്ളൂറൈഡിന്റെയും അംശം
6) നൈട്രേറ്റ്
7) കോളിഫോം,ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം
8) ഉപ്പുരസം
ജലജന്യ രോഗങ്ങൾ
1) അമീബിക് മസ്തിഷ്‌ക ജ്വരം
2) മഞ്ഞപ്പിത്തം
3) ഡിസെന്ററി
4) കോളറ
5) എലിപ്പനി
6) ടൈഫോയ്ഡ്
7) അമീബിയാസിസ്
8) ഷിഗെല്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |