കിളിമാനൂർ: വേനൽക്കാലത്ത് പൂക്കുകയും വസന്തം കഴിയുന്നതോടെ ഇല പൊഴിക്കുകയും ചെയ്യുന്ന മരമാണ് ഗുൽമോഹർ എന്ന വാഗമരം. എന്നാലിപ്പോൾ വഴിയരികിൽ വസന്തം തീർത്തിരിക്കുകയാണ് ഗുൽമോഹർ. ഏപ്രിൽ - മേയ് മാസങ്ങളിൽ ഈ മരങ്ങൾ വഴിയോരങ്ങളിൽ പൂവണിയുന്നു.പൂക്കൾ പൊഴിഞ്ഞ് വഴിയോരങ്ങൾക്ക് നല്ല കാഴ്ചവസന്തവും ഒരുക്കാറുണ്ട്. തണൽവൃക്ഷമായി വച്ചുപിടിപ്പിക്കുന്ന ഇതിന്റെ തടി വിറകായി ഉപയോഗിക്കുന്നു. നല്ല സൂര്യപ്രകാശം ആവശ്യമായ ഇവയ്ക്ക് ചെറിയ വരൾച്ചയും ശൈത്യവും താങ്ങാനാകും. അലങ്കാരത്തിനും തണലിനുമായി വളർത്താറുള്ള വാഗയുടെ സ്വദേശം മഡഗാസ്കറാണ്. പരമാവധി പത്തു മീറ്ററിലധികം ഉയരത്തിലേക്ക് ഈ വൃക്ഷം വളരാറില്ല. അത്രയുമായാൽ പിന്നെ ഇവയുടെ തലപ്പ് പരന്നു പന്തലിക്കും. ഇലകൾ വളരെ ചെറുതാണ്. പരമാവധി അര സെന്റീമീറ്റർ മാത്രം.ശാഖാഗ്രത്തിൽ കുലകളായാണ് പൂക്കൾ വിടരുക. പൂവിന് ചുവപ്പ് നിറവും മിക്കവാറും സ്പൂണിന്റെ ആകൃതിയും ആയിരിക്കും. പരന്ന പച്ച തലപ്പും അതുനിറയെ ചുവന്ന പൂക്കളുമായി നിൽക്കുന്ന ഗുൽമോഹർ കാണാനും ഭംഗിയാണ്.പക്ഷേ നല്ല കാറ്റിൽ ഇവ പിഴുതു വീഴാൻ സാദ്ധ്യതയുണ്ട്. ഇതിന്റെ വേരുകൾ ആഴത്തിലേക്ക് പോകുന്നവയല്ല.ചുവട്ടിൽ തന്നെ വ്യാപിച്ചു നിൽക്കും.അതിനാൽ ഗുൽമോഹറിന്റെ ചുവട്ടിൽ മറ്റ് ചെടികൾ വളരാനുള്ള സാദ്ധ്യത കുറവാണ്. കാട്ടിലും നാട്ടിലും ഈ മരങ്ങൾ ധാരാളമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |