കിളിമാനൂർ: നേന്ത്രപ്പഴം വില സെഞ്ച്വറിയിലേക്ക്. കിലോയ്ക്ക് 65 മുതൽ 75 വരെയാണ് പൊതുവിപണിയിലെ ഇന്നലത്തെ വില. നാട്ടിൻപുറങ്ങളിൽ പേരിനുപോലും നേന്ത്രപ്പഴം കിട്ടാനില്ല.ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന നേന്ത്രപ്പഴമാണ് വിപണിയിൽ ഉള്ളതെന്ന് കച്ചവടക്കാർ പറയുന്നു. മലയോരങ്ങളിൽ വേനലിൽ വെള്ളമെത്തിച്ച കർഷകർക്ക് മാത്രമാണ് ഇപ്പോൾ അല്പമെങ്കിലും കുല വെട്ടാനുള്ളത്. നാടൻ നേന്ത്രപ്പഴം എത്താത്തതാണ് വിപണിയിൽ വില വർദ്ധിക്കുന്നതിന് കാരണം.ഇങ്ങനെ പോയാൽ അടുത്ത മൂന്നു മാസങ്ങളിൽ വില ഇനിയും കൂടി നൂറിനോടടുക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
ചെറുപഴങ്ങൾക്കും
വിലവർദ്ധന
നേന്ത്രക്കായയ്ക്ക് പുറമെ ചെറുപഴങ്ങൾക്കും വില വർദ്ധിച്ചിട്ടുണ്ട്. മൈസൂർപ്പഴം കിലോയ്ക്ക് ശരാശരി 40 രൂപ വരെയാണ് വില. നേന്ത്രപ്പഴത്തിന് ഇത്രയും വില ആദ്യമായിട്ടാണെന്നാണ് പഴം പച്ചക്കറി വ്യാപാരികൾ പറയുന്നത്. പ്രധാനമായും നേന്ത്രപ്പഴം എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. നീലഗിരി,കോയമ്പത്തൂർ,ഈറോഡ്,പൊള്ളാച്ചി,തേനി,കൃഷ്ണഗിരി എന്നിവിടങ്ങളിലാണ് നേന്ത്രക്കായയുടെ പ്രധാന ഉത്‌പാദനം.
മൈസൂർപ്പഴം കിലോയ്ക്ക് 40 രൂപ
നേന്ത്രപ്പഴം 65-75 രൂപ
പഴംപൊരി പ്രതിസന്ധി
വിലയേറിയതോടെ തട്ടുകടക്കാരും ഹോട്ടൽ വ്യാപാരികളും പ്രതിസന്ധി നേരിടുന്നുണ്ട്. കടകളിലെ പഴംപൊരി പാടേ മെലിഞ്ഞെന്ന പരാമർശവും ഇപ്പോഴുണ്ട്. ചില കടകളിൽ പഴംപൊരി കിട്ടാനില്ല. കഴിഞ്ഞ സീസണിലെ വിലക്കുറവ് കാരണം നാട്ടിൻപുറങ്ങളിലെ കർഷകർ ചെലവേറിയ വേനൽക്കൃഷിക്ക് തയ്യാറാവാത്തതാണ് ഇപ്പോഴത്തെ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |