അഗളി: അട്ടപ്പാടി കണ്ടിയൂരിൽ അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന പ്രതി പിടിയിൽ. അസാം സ്വദേശി നാജ്‌റുൽ ഇസ്ളാം (40), ഭാര്യ പൂനം എന്നിവരാണ് ഇന്നലെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പെരുമ്പാവൂരിൽ വച്ച് പിടിയിലായത്. ഞായറാഴ്ചയാണ് അട്ടപ്പാടി ജെല്ലിപ്പാറയ്ക്ക് സമീപം മേലേ കണ്ടിയൂർ റാവുത്തർമേട് കോളനിയിലെ ആടുവളർത്തൽ കേന്ദ്രത്തിലായിരുന്നു സംഭവം. ആടുമേയ്ക്കാൻ പോയ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ അടിപിടിയുണ്ടാകുകയും തുടർന്ന് ഝാർഖണ്ഡ് സ്വദേശി രവി (35) അതിക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. തല അറുത്തുമാറ്റിയ നിലയിലാണ് പിന്നീട് മൃതദേഹം കണ്ടെത്തിയത്.
രാവിലെ ആടിനെ മേയ്ക്കാൻ പോയ ഇരുവരെയും കാണാതായി. രവിയെ കാണാത്തതിനെ തുടർന്ന് ബന്ധു രാജേഷ് കൃഷിസ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം തലയറുക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസം മുമ്പ് രവിയും കൂടെ ജോലി ചെയ്തുവന്ന ബന്ധു രാജേഷും ശബള കുടിശിക വാങ്ങി നാട്ടിലോട്ട് തിരികെ പോകുവാൻ നിൽക്കെയാണ് കൊലപാതകം ഉണ്ടായത്.
കഴിഞ്ഞ നാലു വർഷമായി കണ്ടിയൂരിലെ തോട്ടത്തിൽ രാജേഷിനൊപ്പം ജോലി ചെയ്തുവരികയാണ് രവി. രവിയും ബന്ധുവും നാട്ടിലേക്ക് പോകുന്നതിന് പകരക്കാരനായാണ് കുറച്ചു നാളുകൾക്ക് മുമ്പ് നജ്റുൽ ഇസ്ലാമും ഭാര്യയും തോട്ടത്തിലെത്തിയത്. എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. അഗളി പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |