കൊല്ലം: ചിതറ കൊല്ലായിലെ സ്വകാര്യ ഭൂമിയിൽ നിന്ന് 30 ലക്ഷം വിലവരുന്ന മരങ്ങൾ മുറിച്ചുകടത്തിയതിന് രണ്ടുപേർക്കെതിരെ കേസ്. കൊല്ലായിൽ സ്വദേശികളായ ജവഹർ, മിർസ എന്നിവർക്കെതിരെ ബി.എൻ.എസ് 303(2), 3(5) വകുപ്പുകൾ ചുമത്തിയാണ് ചിതറ പൊലീസ് കേസെടുത്തത്. ചെങ്ങന്നൂർ തച്ചേരിപള്ളത്ത് വീട്ടിൽ നവാസിന്റെ ഉടമസ്ഥതയിൽ ചിതറ സത്യമംഗലത്ത് രണ്ടിടങ്ങളിലായുള്ള 1.63ഏക്കർ സ്ഥലത്ത് നിന്നാണ് മരങ്ങൾ മുറിച്ച് കടത്തിയത്. പ്രതികളുമായുള്ള തർക്കത്തിൽ സുപ്രീംകോടതിയിൽ നിന്ന് നവാസിന് അനുകൂലമായ വിധി ലഭിച്ചതിന്റെ വൈരാഗ്യത്തിലാണ് 300 റബർ മരങ്ങളും മറ്റ് വൃക്ഷങ്ങളും മുറിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. അതേസമയം, കേസെടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന് നവാസ് കൊല്ലം റൂറൽ എസ്.പിക്ക് പരാതി നൽകി.
2009ൽ ചിതറ സ്വദേശിയിൽ നിന്ന് നവാസ് ഭൂമി വിലയ്ക്ക് വാങ്ങിയതിന് പിന്നാലെ പ്രതികൾ അതിർത്തി തർക്കം ഉന്നയിച്ച് കൈയേറ്റത്തിന് ശ്രമിച്ചിരുന്നു. ഇതുസംബന്ധിച്ച കേസാണ് സുപ്രീംകോടതി വരെയെത്തിയത്. എല്ലായിടത്തും നവാസിന് അനുകൂലമായിരുന്നു ഉത്തരവുകൾ. മുമ്പ് തർക്കമുണ്ടാകുമ്പോഴെല്ലാം കടയ്ക്കൽ പൊലീസിനും പിന്നീട് ചിതറ പൊലീസിനും പരാതി നൽകുമായിരുന്നെങ്കിലും കാര്യമായി ഇടപെടാറില്ലെന്ന് നവാസ് പറഞ്ഞു.
മരം മുറിച്ചതിൽ കൊട്ടാരക്കര ഡിവൈ.എസ്.പിക്ക് പരാതി നൽകിയ ശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ചിതറ പൊലീസ് രണ്ടുതവണ ഇരുപക്ഷത്തെയും ഒത്തുതീർപ്പിന് വിളിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നവാസ് പറഞ്ഞു. അതേസമയം, രേഖകളടക്കം ശേഖരിച്ച് കേസിൽ അന്വേഷണം നടന്നുവരികയാണെന്ന് ചിതറ എസ്.ഐ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |