വിഴിഞ്ഞം: കടലിന്റെ അടിത്തട്ടിലെ ആവാസയിടങ്ങൾ ശുചീകരിച്ചു. ഫ്രണ്ട്സ് ഒഫ് മറൈൻ ലൈഫ് (എഫ്.എം.എൽ) എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. പവിഴജീവികൾ ഉൾപ്പെടെയുള്ള കോവളത്തെ കടലിനടിയിലെ ആവാസയിടങ്ങളിൽ,വിവിധ കടൽപ്പായലുകൾ വ്യാപിച്ചിരിക്കുകയാണെന്ന പഠനത്തെ തുടർന്നാണ് ശുചീകരിച്ചത്.
കോവളത്തെ മൂക്കം കോടിമുനയോട് ചേർന്ന കടലിനടിയിലെ കോറൽസ്, ബ്രയോസോൻസ് മുതലായ സഞ്ചരിക്കാൻ സാധിക്കാത്ത ജീവികളുടെ പുറത്ത് പറ്റിപ്പിടിച്ച് വളർന്നിരുന്ന പായലുകളെയാണ് ബ്രഷുകൾ ഉപയോഗിച്ച് നീക്കം ചെയ്തത്. വർഷങ്ങൾക്കു മുൻപ് ഇവിടെ കടൽച്ചേനകൾ ധാരാളം വളർന്നിരുന്നു. ഇവ കടൽപ്പായലുകൾ, ആൽഗകൾ, പ്ലവകങ്ങൾ എന്നിവയൊക്കെ ഭക്ഷിക്കുമായിരുന്നു. കടൽച്ചേനകളെ മനുഷ്യർ ഭക്ഷണത്തിനായി ഉപയോഗിച്ചുതുടങ്ങിയതോടെ ഇവയുടെ എണ്ണം കുറഞ്ഞു.ഇതോടെയാണ് പായലുകളുടെ ശല്യം വർദ്ധിച്ചത്. ഈ പായലുകൾ പവിഴജീവികളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണെന്ന് എഫ്.എം.എൽ ചീഫ് കോഓർഡിനേറ്റർ റോബർട്ട് പനിപ്പിള്ള പറഞ്ഞു.സ്കൂബ കൊച്ചിനിന്റെ ജസ്റ്റിൻ ജോസ്,എഫ്.എം.എൽ വോളന്റിയർമാരായ സാദിഖ് അലി,അബുസാലി,വിനോദ്,ഏയ്ഞ്ചൽ എന്നിവരാണ് കടലിനടിയിൽ ഒരുമണിക്കൂറോളം പരിശ്രമിച്ച് ശുചീകരണം നടത്തിയത്.
കടൽച്ചേനകൾ
തീൻമേശയിലെ വില കൂടിയ സമുദ്ര വിഭവമാണ് കടൽച്ചേനകൾ (സീ അർച്ചിൻ). പണ്ട് സ്ലേറ്റിൽ എഴുതാൻ ഉപയോഗിച്ചിരുന്ന ഇവ കടൽ പെൻസിലുകൾ എന്നറിയപ്പെടുന്നു. ഔഷധമൂല്യവും രുചികരവുമാണ് ഇവയുടെ മാംസം. വിദേശ മാർക്കറ്റിൽ വൻ വിലയാണ്. കാത്സ്യം കാർബണേറ്റ് നിർമ്മിതമായ ഉരുണ്ട കട്ടിയുള്ള പുറംതോടും നിറയെ മുള്ളുകൾ പോലുള്ള ഭാഗങ്ങളും കാണപ്പെടുന്നു. അടിഭാഗം പരന്ന രൂപത്തിലാണ്. ശരീരത്തിലെ ചെറുതും വലുതുമായ മുള്ളുകളാണ് ചലനത്തെ സഹായിക്കുന്നത്. മഞ്ഞനിറത്തോടുകൂടിയ മുട്ടകൾ കോഴിമുട്ടയുടെ മഞ്ഞക്കരുവിന് സമാനമാണ്.ഇവ കടലിലെ വെജിറ്റേറിയനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |