കാട്ടാക്കട: ആദിശേഖർ കൊലക്കേസിലെ ശിക്ഷാവിധിയിൽ കാട്ടാക്കട പൊലീസിനും അഭിമാനിക്കാം. അന്നത്തെ ഡിവൈ.എസ്.പിയായിരുന്ന എൻ.ഷിബുവും എസ്.എച്ച്.ഒയായിരുന്ന ഷിബുകുമാറും നടത്തിയ സമഗ്ര അന്വേഷണമാണ് ആദ്യം അപകടമെന്ന് വിലയിരുത്തിയ സംഭവം കൊലപാതകമാണെന്ന് തെളിയിച്ചത്.
കൊലപാതകം അപകടമാക്കി മാറ്റാൻ പ്രതിയും ശ്രമിച്ചിരുന്നു. വാഹനാപകടമെന്ന നിലയിൽ തുടങ്ങിയ അന്വേഷണം,പുളിങ്കോട് ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സി.സി ടിവി ദൃശ്യം പുറത്തുവന്നതോടെയാണ് കൊലപാതകമായി മാറിയത്. പ്രീയരഞ്ജൻ കാത്തുനിന്ന് ആദിശേഖറിന്റെ പുറത്തുകൂടി കാർ കയറ്റിയിറക്കി ദാരുണമായി കൊലപ്പെടുത്തിയതാണെന്ന് ഈ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതോടെ കേസിന്റെ ഗതിമാറി.തുടർന്ന് കാട്ടാക്കട പൊലീസ് നടത്തിയ കൃത്യതയാർന്ന അന്വേഷണത്തിൽ തമിഴ്നാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.തുടർന്ന് പഴുതടച്ച തെളിവുകൾ നിരത്തി കുറ്റപത്രം നൽകി.
സി.സി ടിവി ദൃശ്യങ്ങളിൽ
24 മിനിട്ട് ദൈർഘ്യമുള്ള സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന്, പ്രതി കരുതിക്കൂട്ടി ക്ഷേത്രത്തിന് സമീപം കാത്തുനിന്ന് കൃത്യം നടത്തിയതാണെന്ന് തെളിഞ്ഞു. കുട്ടികൾ കളിക്കുമ്പോൾ തന്നെ പ്രീയരഞ്ജൻ വാഹനം പുളിങ്കോട് ക്ഷേത്ര പരിസരത്തെ റോഡിൽ പാർക്ക് ചെയ്തിരുന്നു. കളി കളിഞ്ഞ് ആദിശേഖറും സുഹൃത്ത് നീരജും ക്ഷേത്രത്തിന് സമീപത്തെ ഷെഡിൽ പന്ത് വച്ചശേഷം പുറത്തിറങ്ങിയപ്പോഴാണ് കാർ സ്റ്റാർട്ടാക്കിയത്. സൈക്കിളുകൾ റോഡിൽ കയറുമ്പോൾ, പ്രീയരഞ്ജൻ കാർ മുന്നോട്ടെടുക്കുന്നതായും ആദിശേഖറിന്റെ പുറത്തുകൂടിയും സൈക്കിളിന്റെ ഒരു വശത്തുകൂടിയും കാർ കയറ്റിക്കൊണ്ടുപോകുന്നതായും സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞു. കൂടെയുണ്ടായിരുന്ന നീരജ് കാറിടിക്കാതിരിക്കാൻ ക്ഷേത്ര കോമ്പൗണ്ടിലേക്ക് ചാടി രക്ഷപ്പെടുന്നതും ദൃശ്യത്തിലുണ്ട്.
ആദിശേഖർ നാട്ടിലെ താരം
പൂവച്ചൽ പുളിങ്കോട് സ്വദേശി അരുൺകുമാറിന്റെയും ഷീബയുടെയും മകനായ ആദിശേഖർ പാഠ്യ-പാഠ്യേത വിഷയങ്ങളിൽ മിടുക്കനായിരുന്നു.പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.സ്പോർട്സിലും ചിത്ര രചനയിലും ആദിശേഖർ മികവ് തെളിയിച്ചിരുന്നു. പുരാണകഥയെ ആസ്പദമാക്കി സ്വകാര്യ ചാനലിലും ആദിശേഖർ അഭിനയിച്ചിട്ടുണ്ട്. ആരുടെയും മനം കവരുന്ന പ്രകൃതമായിരുന്നു. ഈ കുട്ടിയെയാണ് നിസാര സംഭവത്തിന്റെ പേരിൽ കാറിടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |