കിളിമാനൂർ: ക്ഷീര കർഷകരുൾപ്പെടെയുള്ളവർക്ക് വീട്ടുപടിക്കൽ സേവനം ലഭ്യമാക്കുന്നതിനായി കിളിമാനൂർ ബ്ലോക്കിൽ മൊബെെൽ വെറ്ററിനറി യൂണിറ്റ് ആരംഭിച്ചു. കിളിമാനൂർ ബ്ലോക്കിലെ പഴയകുന്നുമ്മൽ,പുളിമാത്ത്,കിളിമാനൂർ,നഗരൂർ,മടവൂർ,പള്ളിക്കൽ,നാവായിക്കുളം,കരവാരം എന്നീ പഞ്ചായത്തുകൾക്ക് സേവനം ലഭ്യമാകും. ഒരു സർജനും ഡ്രെെവർ കം അറ്റൻഡറും അടങ്ങുന്നതാണ് മൊബെെൽ യൂണിറ്റ്.റീബിൾഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് വെറ്ററിനറി യൂണിറ്റുകൾ തയ്യാറാക്കിയത്. മുൻകൂർ ബുക്കിംഗ് പ്രകാരം ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ വെറ്ററിനറി ക്ലിനിക്കുകളിലെത്തി ശസ്ത്രക്രിയകൾ നടത്തുന്ന മൊബെെൽ സർജറി യൂണിറ്റും ഉടൻ ആരംഭിക്കും. മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ പ്രവർത്തനസമയം വൈകിട്ട് 6മുതൽ രാവിലെ 5വരെയാണ്. മൊബൈൽ സർജറി യൂണിറ്റുകൾ രാവിലെ 10മുതൽ വൈകിട്ട് 5വരെയാണ്.മൃഗസംരക്ഷണ വകുപ്പ് നിശ്ചയിച്ചിട്ടുള്ള നിരക്കുകളുടെ അടിസ്ഥാനത്തിൽ 24 മണിക്കൂറും സജീവമായ 1962എന്ന ടോൾഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് മൊബെെൽ വെറ്ററിനറി യൂണിറ്റുകളുടെ സേവനം ലഭ്യമാക്കുക.
കർഷകർക്ക് ആശ്വാസം
യൂണിറ്റുകൾ പ്രവർത്തന സജ്ജമാകുന്നതോടെ കർഷകർക്ക് വലിയ ആശ്വാസമാകും. കർഷകർ നേരിടുന്ന രാത്രികാല ചികിത്സാക്ലേശം പരിഹരിക്കപ്പെടും. യൂണിറ്റുകളുടെ സുഗമമായ പ്രവർത്തനത്തിന് ബ്ലോക്ക്, പഞ്ചായത്ത് എന്നിവരുടെ ജനകീയാസൂത്രണ പദ്ധതി ഫണ്ട് ഉപയോഗിച്ച് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കി കർഷകർക്ക് വീടുപടിക്കൽ സേവനം ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |